ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, ഇല്ലെങ്കില്‍ KSRTC പൂട്ടിക്കോളൂ; താക്കീതുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ താക്കീതുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, അതിനു കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂവെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നാലെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയില്‍ വ്യക്തമാക്കി. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി പറഞ്ഞു. ഈ വാദം തള്ളിയ കോടതി യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്ന് മറുപടി നല്‍കി. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നിലനില്‍ക്കെയാണ് പത്താം തീയതി ആയിട്ടും ശമ്പളം ലഭിക്കാത്തത്. 

നേരത്തെ വരുമാനത്തിന് ആനുപാതികമായേ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവൂയെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. ഫണ്ടില്ലാത്തതിനെപറ്റി ഒരു ജീവനക്കാരന്‍ പോലും വേവലാതിപ്പെടുന്നില്ലെന്നും മാനേജ്മന്റ് പറഞ്ഞിരുന്നു. ഇതിനിടെ ഏപ്രില്‍ മുതല്‍ ശമ്പള വിതരണത്തിന് സഹായം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*