ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ്. 19 ശതമാനം ഇടിവാണ് നേരിട്ടത്. കനത്ത മഴയും ഉത്തരേന്ത്യയില്‍ പൂര്‍വ്വികര്‍ക്കായി പിതൃ തര്‍പ്പണവും പ്രാര്‍ഥനകളും നടത്തുന്ന പിതൃ പക്ഷം കടന്നുവന്നതുമാണ് സെപ്റ്റംബറില്‍ വില്‍പ്പനയെ ബാധിച്ചത്. പിതൃപക്ഷ കാലയളവായ പതിനാല് ദിവസം ഏതുതരത്തിലുള്ള മംഗളകരമായ കര്‍മങ്ങള്‍ ചെയ്യുന്നതും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. ഇത് വാഹന വില്‍പ്പനയെ ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വില്‍പ്പനയില്‍ വര്‍ഷാവര്‍ഷം ഈ കുത്തനെയുള്ള ഇടിവ് സംഭവിക്കുന്നതാണ്. ഇത് ഇന്‍വെന്ററി (ചരക്ക്) വര്‍ധിക്കാന്‍ കാരണമാകുന്നത് വാഹനവിപണിക്ക് വെല്ലുവിളിയാകുന്നുണ്ട്. വില്‍പ്പനയിലുള്ള ഇടിവ് ഡീലര്‍മാര്‍ക്ക് ഇന്‍വെന്ററി ലെവല്‍ 80-85 ദിവസങ്ങള്‍ എന്ന തലത്തിലേക്ക് ഉയരാന്‍ കാരണമായി. 79,000 കോടി രൂപ വിലമതിക്കുന്ന 7,90,000 വാഹനങ്ങള്‍ക്ക് തുല്യമാണിത്. ഓഗസ്റ്റ് മാസത്തില്‍, ഇന്‍വെന്ററി ലെവല്‍ 70-75 ദിവസങ്ങളായിരുന്നു. 77,800 കോടി രൂപ വിലമതിക്കുന്ന 780,000 വാഹനങ്ങളാണ് ഇന്‍വെന്ററി പട്ടികയില്‍ ഉണ്ടായിരുന്നത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
നവരാത്രിയും ദീപാവലിയും ഒരേ മാസത്തില്‍ വരുന്നതിനാല്‍ വാഹന വില്‍പ്പന കുതിച്ചുയരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വാഹനവിപണി. യാത്രാ വാഹന വില്‍പ്പനയിലെ വന്‍ ഇടിവിന് പുറമെ ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളും യഥാക്രമം 9 ശതമാനവും 10.45 ശതമാനവും ഇടിവ് നേരിട്ടു. കാര്‍ നിര്‍മ്മാതാക്കളില്‍, മാരുതി സുസുക്കിയുടെ വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 1,41,318 ലെത്തി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 25 ശതമാനം ഇടിവാണ് നേരിട്ടത്. ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പനയും താഴ്ന്നു. 19 ശതമാനം ഇടിവാണ് നേരിട്ടത്. എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 0.4 ശതമാനം നേരിയ വര്‍ധന രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സിനെ മറികടന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തെത്തി.
Be the first to comment