ശബരി കെ-റൈസ് ബ്രാന്‍ഡ് അരിയുടെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരളം അവതരിപ്പിച്ച ശബരി കെ-റൈസ് ബ്രാന്‍ഡ് അരിയുടെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയാണ് വില്‍പ്പന നടത്തുക. ഇതിനായി ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് അരി എത്തിച്ചു. ബുധനാഴ്ച ഉച്ചമുതല്‍ തന്നെ ഔട്ട്‌ലെറ്റുകളിലേക്ക് അരി എത്തിക്കാന്‍ ആരംഭിച്ചിരുന്നു. ജയ, മട്ട, കുറുവ അരികളാണ് എത്തിച്ചത്. ഒരു റേഷന്‍ കാര്‍ഡിന് അഞ്ച് കിലോഗ്രാം അരിയാണ് നല്‍കുക. കെ-റൈസ് എന്ന ബ്രാന്‍ഡ് പേര് പതിച്ച കുറച്ച് സഞ്ചികളും ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസത്തേക്ക് വില്‍ക്കാന്‍ ആവശ്യമായ കെ-റൈസ് അരിയുടെ സ്റ്റോക്കാണ് നിലവില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയത്. വലിയ ഔട്ട്‌ലെറ്റുകള്‍ക്ക് 40 ചാക്ക് ജയ അരി നല്‍കി. ഈ 2000 കിലോഗ്രാം അരി ഉപയോഗിച്ച് 400 പേര്‍ക്ക് അഞ്ച് കിലോഗ്രാം അരി വീതം നല്‍കാന്‍ കഴിയും. മട്ട അരി 15 ചാക്കാണ് നല്‍കിയത്. അതായത് 750 കിലോഗ്രാം. ഇതുപയോഗിച്ച് അഞ്ച് കിലോഗ്രാം അരി വീതം 150 പേര്‍ക്ക് വിതരണം ചെയ്യാം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കുമെന്ന ഉറപ്പും ഔട്ട്‌ലെറ്റ് അധികൃതര്‍ക്ക് ലഭിച്ചു.

തെലങ്കാനയില്‍ നിന്ന് കടമായാണ് കെ-റൈസിനായുള്ള ജയ അരി കേരളം വാങ്ങിയത്. കിലോഗ്രാമിന് 41 രൂപ നിരക്കില്‍ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും വില്‍ക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഇത്തരത്തില്‍ നഷ്ടം സഹിച്ച് അരി വില്‍ക്കുമ്പോള്‍ സപ്ലൈകോയുടെ ബാധ്യത കൂടും. കെ-റൈസിനായി വാങ്ങിയഅരിയുടെ വില കുടിശ്ശിക വരുത്താതെ വിതരണക്കാര്‍ക്ക് നല്‍കേണ്ടതായുണ്ട്. പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പിന്റെ വേളയില്‍ കെ-റൈസ് വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്കയും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*