
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പരിഹാസവും കവിതയും ചേര്‍ത്താണ് മോദിക്കെതിരെ അഖിലേഷ് തന്റെ പ്രസംഗത്തില്‍ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടത്. രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് അഖിലേഷ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നീറ്റ് പരീക്ഷ ചോദ്യ ചോര്‍ച്ചയും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിന്റെ വിശ്വാസ്യതയും അദ്ദേഹത്തിന്റെ പ്രസംഗ വിഷയങ്ങളായി.
തിരഞ്ഞെടുപ്പില്‍ 400 കടക്കുമെന്നായിരുന്നു എന്‍ഡിഎയുടെ അവകാശ വാദം. എന്നാല്‍, അതുണ്ടായില്ല. അതിന് ഞാന്‍ ജങ്ങളോട് നന്ദി പറയുന്നു. ഈ സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്ന് ജനങ്ങള്‍ തന്നെ പറയുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു. അടിസ്ഥാനമില്ലാതെയാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം ഹിന്ദി കവിതയെ ഉദ്ധരിച്ച് പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞ ബിജെപിക്ക് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ട സാഹചര്യത്തെയാണ് അദ്ദേഹം പരിഹസിച്ചത്.
‘ഇന്‍ഡ്യ’ മുന്നണി ഇന്ത്യക്ക് അനുകൂലമാണ്. പ്രതിപക്ഷ സഖ്യം ഇതിനകം ധാര്‍മിക വിജയം നേടി. വര്‍ഗീയ രാഷ്ട്രീയത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമാണ് ജൂണ്‍ നാല്. തകര്‍ച്ചയുടെ രാഷ്ട്രീയം പരാജയപ്പെടുകയും ഒന്നിക്കുന്ന രാഷ്ട്രീയം വിജയിക്കുകയും ചെയ്തു. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ രാജ്യം എവിടെ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കണം. വിശപ്പ് സൂചികയിലും സന്തോഷ സൂചികയിലും ഞങ്ങള്‍ നില്‍ക്കുന്നത് എവിടെയാണെന്ന് സര്‍ക്കാര്‍ മറച്ചുവെക്കുന്നത് എന്തിനാണെന്നും അഖിലേഷ് ചോദിച്ചു. വ്യക്തിപരമായ അഭിലാഷങ്ങളാല്‍ രാജ്യം നയിക്കപ്പെടില്ല. മറിച്ച് ആളുകളുടെ ആഗ്രഹത്തിലാണ് നയിക്കപ്പെടേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജാതി സെന്‍സസിനെ തന്റെ പാര്‍ട്ടി ശക്തമായി പിന്തുണയ്ക്കുന്നതായും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. ജാതി സെന്‍സസ് കൊണ്ട് സാമൂഹിക നീതി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിവീര്‍ പദ്ധതി രാജ്യസുരക്ഷയില്‍ ഒത്തുത്തീര്‍പ്പ് ചെയ്യുകസയാണ്. ‘ഇന്‍ഡ്യ’ ബ്ലോക്ക് അധികാരത്തിലെത്തിയാല്‍ അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment