സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് സിബിഐ വക സമൻസ്

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ സി ബി ഐയുടെ നോട്ടീസ്.  നാളെ സി ബി ഐക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി.  അഞ്ച് വർഷം മുമ്പെടുത്ത കേസിലാണ് ഇപ്പോൾ സി ബി ഐ അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.  അനധികൃത ഖനന കേസിലാണ് ചോദ്യം ചെയ്യലെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.  സാക്ഷി എന്ന നിലയിലാണ് അഖിലേഷിന് സമൻസ് നൽകിയിരിക്കുന്നത്.

സിആർപിസി സെക്ഷൻ 160 പ്രകാരമാണ് സിബിഐ നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. 2012-2016 കാലയളവില്‍ ഉത്തർപ്രദേശിലെ ഹമിര്‍പൂറില്‍ നടന്ന അനധികൃത ഖനനം സംബന്ധിച്ച കേസിലാണ് നോട്ടീസ്. അഖിലേഷ് യാദവ് ബിജെപിക്കെതിരെ കഴിഞ്ഞദിവസം രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. 

ഇന്‍ഡ്യ മുന്നണിയെ കുറിച്ച് ബിജെപി പരിഭ്രാന്തരാണെന്നും മറ്റ് പാർട്ടികളെ തകർക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.  ഉത്തർപ്രദേശില്‍ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കുമെന്ന് യാദവ് പറഞ്ഞിരുന്നു.  പത്ത് സീറ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എട്ടിലും ബിജെപി ആണ് വിജയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*