കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ

ഹൈദരാബാദ്: സ്‌മാർട്ട്‌ഫോൺ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് ലോഞ്ച് ചെയ്‌തു. ഗാലക്‌സി എസ്‌ 25, ഗാലക്‌സി എസ്‌ 25 പ്ലസ്, ഗാലക്‌സി എസ്‌ 25 അൾട്ര എന്നീ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. സ്‌നാപ്‌ഡ്രോഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് ഈ സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ മികച്ച പെർഫോമൻസ് കാഴ്‌ച വെക്കുമെന്നതിൽ സംശയമില്ല.

എഐ ഫീച്ചറുകൾ:
നിരവധി എഐ ഫീച്ചറുകളുമായാണ് കമ്പനി പുതിയ സീരീസ് പുറത്തിറക്കിയത്. എഐ ഫീച്ചറുകൾ സമന്വയിക്കുന്ന സാംസങിന്‍റെ ആൻഡ്രോയ്‌ഡ് 15 അധിഷ്‌ഠിത വൺ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സീരീസിലെ ഫോണുകൾ പ്രവർത്തിക്കുക. നൗ ബ്രീഫ്, നൗ ബാർ, ഗൂഗിളിന്‍റെ ജെമിനി എഐ അസിസ്റ്റന്‍റ് എന്നീ എഐ ഫീച്ചറുകൾ തന്നെയാണ് എസ്‌ 25 സീരീസിന്‍റെ പ്രധാന ഹൈലൈറ്റ്.

ഉപയോക്താക്കൾക്ക് വ്യക്തിഗതമായ സമ്മറികൾ നൽകുന്നതിനുള്ളതാണ് നൗ ബ്രീഫ് എന്ന എഐ ഫീച്ചർ. ഫോണിന്‍റെ ലോക്ക് സ്‌ക്രീനിൽ ഉപയോക്താവിന് ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നതാണ് നൗ ബാർ. കൂടാതെ ഫോണിൽ ഒരു ഫോട്ടോ എടുത്തോ, അല്ലെങ്കിൽ ഗാലറിയിലെ ഒരു ഫോട്ടോയ്‌ക്കോ നിങ്ങൾ ഒരു വൃത്തം വരയ്‌ക്കുകയാണെങ്കിൽ അതിനെ സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഉദാഹരണത്തിന് നിങ്ങൾ ഗാലറിയിൽ നിന്നും താജ്‌മഹലിന്‍റെ ചിത്രമെടുത്ത് അതിൽ ഒരു വൃത്തം വരച്ചെന്ന് കരുതുക. എങ്കിൽ താജ്‌മഹലിനെ സംബന്ധിച്ച നിരവധി വിവരങ്ങൾ നിങ്ങൾക്ക് ഉടനടി ലഭിക്കും. കൂടാതെ കോൾ ട്രാൻസ്‌ക്രിപ്‌റ്റ് എന്ന ഫീച്ചർ വഴി നിങ്ങളുടെ കോളുകൾ ലൈവായി ട്രാൻസ്‌ക്രിപ്‌റ്റ് ചെയ്യപ്പെടും.

സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് വില:
സാംസങ് ഗാലക്‌സി എസ്‌ 25:ഗാലക്‌സി എസ്‌ 25 ബേസിക് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 92,999 രൂപയുമാണ്. ഐസി ബ്ലൂ, സിൽവർ ഷാഡോ, നേവി, മിൻ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് എസ്‌ 25 ലഭ്യമാകുക.

സാംസങ് ഗാലക്‌സി എസ്‌ 25 പ്ലസ്: അതേസമയം എസ്‌ 25 പ്ലസ് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,11,999 രൂപയാണ്. നേവി, സിൽവർ ഷാഡോ എന്നീ കളർ ഓപ്ഷനുകളിൽ എസ്‌ 25 പ്ലസ് ലഭ്യമാകും.

സാംസങ് ഗാലക്‌സി എസ്‌ 25 അൾട്ര: സാംസങ് ഗാലക്‌സി എസ്‌ 25 അൾട്ര മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,29,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,41,999 രൂപയും 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,65,999 രൂപയുമാണ്. ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്സിൽവർ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളിൽ അൾട്ര മോഡൽ ലഭ്യമാവും.

സാംസങ് ഗാലക്‌സി എസ്‌ 25, എസ്‌ 25 പ്ലസ് സ്‌പെസിഫിക്കേഷനുകൾ:
ഡിസ്‌പ്ലേ: 120 ഹെട്‌സ് റിഫ്രഷ്‌ റേറ്റും 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുമുള്ള 6.2 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X സ്‌ക്രീൻ ആണ് ബേസിക് മോഡലായ ഗാലക്‌സി എസ്‌ 25 ന് നൽകിയിരിക്കുന്നത്. അതേസമയം ഡിസ്‌പ്ലേയുടെ മറ്റ് സവിശേഷതകൾ സമാനമാണെങ്കിലും ഗാലക്‌സി എസ്‌ 25 പ്ലസിന്‍റെ ഡിസ്‌പ്ലേ ബേസിക് മോഡലിനേക്കാൾ വലിപ്പമേറിയതാണ്. 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്‌സ് സ്‌ക്രീനിലാണ് ഗാലക്‌സി എസ്‌ 25 പ്ലസ് അവതരിപ്പിച്ചത്.

പ്രോസസർ: 12GB വരെ LPDDR5x റാമും 512GB വരെ സ്റ്റോറേജും ലഭിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് രണ്ട് മോഡലുകളിലും നൽകിയത്. മികച്ച പെർഫോമൻസ് നൽകുന്ന ഈ പ്രോസസർ ഫോണിന്‍റെ പെൽഫോമൻസ് ലെവൽ കൂട്ടും.

ക്യാമറ: സാംസങ് ഗാലക്‌സി എസ്‌ 25, എസ്‌ 25 പ്ലസ് മോഡലുകളിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 2x ഇൻ-സെൻസർ സൂമും ഫീച്ചർ ചെയ്യുന്ന 50MP പ്രൈമറി ക്യാമറയും, 120-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 12MP അൾട്രാവൈഡ് ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 10MP ടെലിഫോട്ടോ ക്യാമറയും, 12 എംപി സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്.

ബാറ്ററി: ഗാലക്‌സി 25 മോഡലിൽ 25 വാട്ട് വയേർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങും, വയർലെസ് പവർഷെയറും പിന്തുണയ്‌ക്കുന്ന 4,000 എംഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. അതേസമയം ഗാലക്‌സി 25 പ്ലസിൽ 45 വാട്ട് വയേർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങും പിന്തുണയ്‌ക്കുന്ന 4,900 എംഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി എസ്‌ 25 അൾട്ര സ്‌പെസിഫിക്കേഷനുകൾ:
ഡിസ്‌പ്ലേ: സാംസങ് ഗാലക്‌സി എസ്‌ 25 അൾട്ര മോഡലിൽ ഒരു ഹെട്‌സ് മുതൽ 120 ഹെട്‌സ് വരെ വേരിയബിൾ റിഫ്രഷ്‌ റേറ്റുള്ള 6.9 ഇഞ്ച് ഡൈനാമിക് AMOLED 2X സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ലഭ്യമാവും. കൂടാതെ കോർണിങ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷനും ഫീച്ചർ ചെയ്യുന്നുണ്ട്. മുൻ മോഡലായ എസ് 24 അൾട്രയുമായി താരതമ്യം ചെയ്യുമ്പോൾ എസ് 25 അൾട്രയ്‌ക്ക്അൽപ്പം വൃത്താകൃതിയിലുള്ള കോണുകളുള്ള വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

പ്രോസസർ: 12 ജിബി റാമും 1 ടിബി വരെ സ്‌റ്റോറേജും ജോടിയാക്കിയിരിക്കുന്ന ഗാലക്‌സി ചിപ്പിനായുള്ള ഇഷ്‌ടാനുസൃത സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് അൾട്രാ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്.

ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 2x ഇൻ-സെൻസർ സൂമും ഫീച്ചർ ചെയ്യുന്ന 200MP പ്രൈമറി ക്യാമറയും, 120-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 50MP അൾട്രാവൈഡ് ക്യാമറയും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 5x ഒപ്റ്റിക്കൽ സൂം ഉള്ള 50MP ടെലിഫോട്ടോ ക്യാമറയും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 3x ഒപ്റ്റിക്കൽ സൂമും ഉള്ള 10MP ടെലിഫോട്ടോ ക്യാമറയും, 12 എംപി സെൽഫി ക്യാമറയുമാണ് അൾട്ര മോഡലിൽ നൽകിയിരിക്കുന്നത്.

ബാറ്ററി: 45 വാട്ട് വയർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങും പിന്തുണയ്‌ക്കുന്ന 5,000 എംഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എസ്‌ 25 അൾട്രയിൽ നൽകിയിരിക്കുന്നത്. കൂടെതെ വയർലെസ് പവർഷെയറിങും പിന്തുണയ്‌ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*