വില 80,000 രൂപ മുതല്‍, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍, 50 എംപി കാമറ; സാംസങ് ഗാലക്‌സി എസ് 25 സീരീസ് 22ന്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ 22ന് അവതരിപ്പിക്കും. ഗാലക്സി എസ് 25 സീരീസില്‍ മൂന്ന് മോഡലുകളാണ് വിപണിയില്‍ എത്തുക. ഗാലക്സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്രാ ഫോണുകള്‍ക്ക് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സൈറ്റ് ആണ് കരുത്തുപകരുക.

പുതിയ ഡിസ്പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയില്‍ എത്തുക. കൂടുതല്‍ തെളിച്ചത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരിക്കും ഡിസ്പ്ലേ. ആപ്പിള്‍ ഐഫോണിന് സമാനമായി ഫ്ലാറ്റ് ഫ്രെയിം രൂപകല്‍പ്പനയില്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ബേസ് മോഡലായ ഗാലക്സി എസ്25ല്‍ 12 ജിബി റാം ഉണ്ടായേക്കും. എഐ ഫീച്ചറുകള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമാകും. കൂടാതെ മള്‍ട്ടി ടാസ്‌കിങ് സാധ്യമാകുന്ന തരത്തിലായിരിക്കും ഫോണ്‍. ഇതിന്റെ വില സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്‍ട്രി ലെവല്‍ മോഡലിന് 80,000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള പ്രീമിയം മോഡലായ എസ്25 അള്‍ട്രയ്ക്ക് 1,29,000 രൂപ വില വരാനും സാധ്യതയുണ്ട്. ഈ വര്‍ഷം ഇറങ്ങിയ എസ്24ന് സമാനമായിരിക്കും പുതിയ മോഡലിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗാലക്സി എസ് 25 അള്‍ട്രാ:

പരന്ന ഫ്രെയിമും വൃത്താകൃതിയിലുള്ള അരികുകളുമുള്ള ഒരു പുതിയ ഡിസൈനിലായിരിക്കും ഗാലക്സി എസ് 25 അള്‍ട്രാ പുറത്തിറക്കുക എന്നാണ് പ്രതീക്ഷ. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ ആണ് ഇതിന് കരുത്തുപകരുക. 16 ജിബി റാമുമായിട്ടായിരിക്കും ഫോണ്‍ വിപണിയിലെത്തുക. കാമറ സിസ്റ്റത്തില്‍ അപ്ഗ്രേഡ് ലഭിക്കാന്‍ സാധ്യതയുണ്ട്. മുന്‍ മോഡലിന്റെ 12 എംപി സെന്‍സറിന് പകരമായി 50 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ് ആകാം പുതിയ ഫോണില്‍. സാംസങ്ങിന്റെ ജെഎന്‍ 3 സെന്‍സര്‍ പ്രയോജനപ്പെടുത്തി കൊണ്ടായിരിക്കാം കാമറ സംവിധാനം. രണ്ടാം തലമുറ ഗൊറില്ല ഗ്ലാസ് ആര്‍മര്‍ ആണ് മറ്റൊരു ഫീച്ചര്‍. ഇത് ഈട് വര്‍ദ്ധിപ്പിക്കുകയും ഡിസ്പ്ലേയ്ക്ക് മികച്ച ആന്റി-റിഫ്‌ലെക്റ്റീവ് ഗുണങ്ങള്‍ പകരുകയും ചെയ്യും.

ഗാലക്സി എസ് 25, എസ് 25 പ്ലസ്

ഗാലക്സി എസ് 25, എസ് 25 പ്ലസ് മോഡലുകളില്‍ ചെറിയ ഡിസൈന്‍ അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കുന്നു. തിളക്കമുള്ള ഡിസ്പ്ലേകള്‍ ഈ മോഡലുകളുടെ പ്രത്യേകതയായിരിക്കും. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ ആയിരിക്കും ഈ രണ്ടു മോഡലുകള്‍ക്കും കരുത്തുപകരുക.

 

Be the first to comment

Leave a Reply

Your email address will not be published.


*