പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍

പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദീപ് പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട അനില്‍ കുമാറും സുശാസനനും എന്നും അദ്ദേഹം ആരോപിച്ചു.

വെള്ളിയാഴ്ച ഈ അതിക്രമം നടന്നതിന് ശേഷം ബിജെപിയുടെ സംസ്ഥാന നേതൃത്വം തന്നെ കേസട്ടിമറിക്കാന്‍ വേണ്ടി പൊലീസുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. യുവമോര്‍ച്ചയുടെ ജില്ലാ നേതാക്കള്‍ മുഖേന ചിറ്റൂരിലെ പൊലീസുമായി ബന്ധപ്പെട്ട് ഇതിനുള്ള ഇടപെടല്‍ നടത്തി. ഒരു വശത്ത് വല്ലാത്ത ക്രൈസ്തവ സ്‌നേഹം അഭിനയിച്ചുകൊണ്ട് ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി കടന്നു പോവുകയും മറുവശത്ത് അവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാനും ശ്രമിക്കുന്നത്. ഒരു സ്‌കൂളില്‍ കുട്ടികള്‍ വളരെ നിഷ്‌കളങ്കതയോടെ നടത്തിയ കാരളിനെ പോലും അക്രമിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇരകളോടൊപ്പം ഓടുകയും അതോടൊപ്പം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ബിജെപിക്കുള്ളത് – സന്ദീപ് പറഞ്ഞു.

ഈ നിമിഷം വരെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഇത് സൂചിപ്പിക്കുന്നത് ഇക്കാര്യത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് തട്ടാനും സാമുദായിക സൗഹൃദം അട്ടിമറിക്കാനും ഏറെക്കാലമായി ബിജെപി ശ്രമം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ പാടില്ല മകരനക്ഷത്രമാണ് തൂക്കേണ്ടതെന്ന് കാമ്പയിന്‍ നടന്നു. ഈ കാമ്പയിന് നേതൃത്വം കൊടുക്കുന്നത് വി മുരളീധരനുമായി അടുത്ത ബന്ധമുള്ള മുരളീധരന്റെ സാമൂഹിക മാധ്യമ ഇടപെടലുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു വനിതയാണ്. ഇവര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷനുമായി അടുത്ത ബന്ധമുണ്ട്. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ പാടില്ല മകരനക്ഷത്രമാണ് തൂക്കേണ്ടതെന്ന കാമ്പയിനെയൊന്നും ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല – സന്ദീപ് വാര്യര്‍ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*