‘ആശ്രമം കത്തിച്ച ദിവസം മുതൽ നുണ പ്രചാരണം നടന്നു, പിന്നിൽ പോലീസിലെ ആർഎസ്എസുകാർ’; സന്ദീപാനന്ദ ഗിരി

ആശ്രമം തീവെപ്പ് കേസ് പോലീസ് അട്ടിമറിച്ചെന്ന പി.വി അൻവർ എംഎൽഎയുടെ ആരോപണത്തി പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം തീവെപ്പ് കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചെന്നും താനാണ് കത്തിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ആർഎസ്എസിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. ആരൊക്കെയാണ് പിന്നലെന്ന് അറിയില്ലെന്നും പ്രതികളെ പലരും സഹായിച്ചെന്നും അദ്ദേഹം  പറഞ്ഞു.

പോലീസിലെ തന്നെ ആർഎസ് എസ് സംഘം തന്നെയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രിയെയും ഇവർ തെറ്റിദ്ധരിപ്പിച്ചു. ക്രൈംബ്രാഞ്ച് പിന്നീട് കേസ് എടുത്ത് അന്വേഷിച്ചപ്പോഴാണ് എല്ലാം കണ്ടെത്തിയത്.വാഹനത്തിന് ഇതു വരെ ഇൻഷുറൻസ് കിട്ടിയില്ല. കേസ് അട്ടിമറിക്കപ്പെട്ടു എന്നത് സത്യമാണ്. എംഎൽഎ പറയുന്നതു പോലെ തനിക്ക് പറയാൻ കഴിയില്ല. അതിന് പരിമിധികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരിയെന്നും ഇതിനെതുടർന്ന് അദ്ദേഹത്തിന്റെ ആശ്രമം കത്തിക്കുകയുണ്ടായെന്നും തുടർന്ന് ഈ കേസിലെ പ്രതികളെ രക്ഷപ്പെടാൻ പോലീസ് നീക്കം നടത്തിയെന്നുമായിരുന്നു പി.വി അൻവറിന്റെ ആരോപണം.

സന്ദീപാനന്ദ ഗിരി തന്നെയാണ് കത്തിച്ചതെന്നാണ് പോലീസ് പറഞ്ഞത്. ഡിവൈഎസ്പി രാജേഷാണ് ആശ്രമം കത്തിക്കൽ കേസ് വഴി തിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം ബിജെപിയിൽ സജീവമാണെന്നും പി.വി അൻവർ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*