മുംബൈ : റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു. അടുത്ത മൂന്ന് വർഷത്തേക്കാണ് സഞ്ജയ് മൽഹോത്രയുടെ നിയമനം. ആറ് വർഷത്തെ സേവനത്തിന് ശേഷം ചൊവ്വാഴ്‌ച സ്ഥാനമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമാണ് മുൻ റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ചത്. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മൽഹോത്ര.
പൊതുമേഖലാ സ്ഥാപനമായ ആർഇസിയുടെ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ജിഎസ്‌ടി കൗൺസിലിൻ്റെ എക്‌സ്-ഒഫിഷ്യോ സെക്രട്ടറിയായും പ്രവർത്തിച്ചു. ഐഐടി കാൺപൂരിലെ പൂർവ വിദ്യാർഥിയാണ് മൽഹോത്ര. യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
33 വർഷത്തിലേറെ നീണ്ട കരിയറില്‍ വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ച് വരികയായിരുന്നു.
സംസ്ഥാനത്തെയും കേന്ദ്ര സർക്കാരിലെയും ധനകാര്യത്തിലും നികുതിയിലും അനുഭവ സമ്പത്തുള്ള വ്യക്തിയാണ് സഞ്ജയ് മൽഹോത്ര. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, രഘുറാം രാജൻ, ബിമൽ ജലാൻ, ഉർജിത് പട്ടേൽ, ഡി. സുബ്ബറാവു, ഡോ. വൈ.വി റെഡ്ഡി, ഡോ. സി. രംഗരാജൻ, എസ്. ജഗനാഥൻ എന്നിവരടങ്ങുന്ന പട്ടികയിലേക്കാണ് സഞ്ജയ് മൽഹോത്രയും ചേരുന്നത്.
Be the first to comment