സഞ്ജു ഗോൾഡൻ ഡക്ക്, ബിഷ്‌ണോയിക്ക് മൂന്ന് വിക്കറ്റ്; ശ്രീലങ്കയ്ക്ക് എതിരെ ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പര ഇന്ത്യക്ക്

പല്ലെകെലേ: ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായ രണ്ടാം ജയത്തോടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മഴ കാരണം വിജയലക്ഷ്യം എട്ട് ഓവറിൽ 78 റൺസായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 1.3 ഓവറുകൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ പുറത്തായത് മലയാളികൾക്ക് നിരാശയായി. മഹേഷ് തീക്ഷണയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു.

സ്കോർ: ശ്രീലങ്ക 161-9 (20), ഇന്ത്യ 81-3 (6.3) 162 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റിംഗം ആരംഭിച്ച് മൂന്ന് പന്തുകൾ പിന്നിട്ടപ്പോൾ മഴയെത്തി. ഒരു മണിക്കൂറോളം മത്സരം തടസ്സപ്പെട്ടതിനെ തുടർന്നാണ് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചത്. എട്ട് ഓവറിൽ 78 റൺസ് ആയിരുന്നു ഇന്ത്യക്ക് ജയിക്കാൻ ആവശ്യം. സഞ്ജു പുറത്തായപ്പോൾ മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 12 പന്തിൽ നിന്ന് 26 റൺസ് നേടി പുറത്തായി. നാല് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്ത്യൻ നായകന്റെ ഇന്നിംഗ്സ്.

യശ്വസി ജയ് സ്വാൾ 30(15) റൺസ് നേടി പുറത്തായി. മൂന്ന് ഫോറും രണ്ട് സിക്സും പായിച്ച ശേഷമാണ് യുവ ഓപ്പണർ മടങ്ങിയത്. ഹാർദിക് പാണ്ഡ്യ 22*(9), റിഷബ് പന്ത് 2*(2) എന്നിവർ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി തീക്ഷണയും ഹസരംഗയും പതിരനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇതേ വേദിയിൽ ചൊവ്വാഴ്ച നടക്കും.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ ഒതുങ്ങുകയായിരുന്നു. ഒരവസരത്തിൽ 15 ഓവറിൽ 130ന് രണ്ട് എന്ന ശക്തമായ നിലയിൽ നിന്നാണ് ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടിയത്. ഓപ്പണർമാരായ പാത്തും നിസംഗ 32(24), കുസാൽ മെൻഡിസ് 10(11) റൺസ് വീതം നേടിയപ്പോൾ കുസാൽ പെരേര 53(34) അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. കമിന്ദു മെൻഡിസ് 26(23) ക്യാപ്റ്റൻ ചാരിത് അസലംഗ 14(12) റൺസ് വീതവും നേടി. ദസുൺ ഷനക 0(1), വാണിന്ദു ഹസരംഗ 0(1) എന്നിവർ ഗോൾഡൻ ഡക്കിൽ പുറത്തായി. രമേഷ് മെൻഡിസ് 12(10) റൺസും മഹേഷ് തീക്ഷണ 2(3) റൺസും നേടി പുറത്തായപ്പോൾ മതീഷ് പതിരനെ 1*(1) പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷദീപ് സിംഗ്, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Be the first to comment

Leave a Reply

Your email address will not be published.


*