
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടി20 മത്സരം ഇന്ന് രാജ്കോട്ടില്‍. ഇന്ന് നടക്കുന്ന മൂന്നാം മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര പിടിക്കാം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലാണ് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന പേസര്‍ മുഹമ്മ് ഷമിക്ക് ഇന്നും വിശ്രമം അനുവദിക്കാനാണ് സാധ്യത.
ആദ്യ രണ്ട് കളികളിലും വലിയ സ്കോര്‍ നേടാതെ പുറത്തായ സഞ്ജുവിന് ഇന്ന് ഫോമിലാവേണ്ടത് അനിവാര്യമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ഫോമും ഇന്ത്യക്ക് ആശങ്ക ഉണര്‍ത്തുന്നു. എന്നാൽ മൂന്നാം ടി20ക്ക് മുമ്പ് ബൗണ്‍സറുകള്‍ നേരിടാന്‍ പ്രത്യേക പരിശലനം നടത്തി മലയാളി താരം സഞ്ജു സാംസണ്‍. പുള്‍, ഹുക്ക് ഷോട്ടുകള്‍ക്ക് പുറമെ കട്ട്, റാംപ് ഷോട്ടുകളും സഞ്ജു പരിശീലിച്ചു.
ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ അതിവേഗ ബൗണ്‍സറുകള്‍ക്ക് മുന്നിലാണ് സഞ്ജു വീണത്. ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടകിന് കീഴില്‍ സിമന്‍റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുപയോഗിച്ച് പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളുമാണ് സഞ്ജു പരിശീലിച്ചത്. മുക്കാല്‍ മണിക്കൂറോളം സഞ്ജു ബൗണ്‍സറുകള്‍ നേരിട്ട് ബാറ്റിംഗ് പരിശീലനം നടത്തി.
ഇന്ത്യ ഇന്ന് പേസര്‍ ഹര്‍ഷിത് റാണക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ഹര്‍ഷിത് റാണ വരുമ്പോള്‍ ആദ്യ രണ്ട് കളികളിലും റണ്‍സ് വഴങ്ങിയില്ലെങ്കിലും വിക്കറ്റൊന്നും നേടാനാവാതിരുന്ന രവി ബിഷ്ണോയ് പുറത്തായേക്കും. ബാറ്റിംഗ് നിരയില്‍ ധ്രുവ് ജുറെലിന് പകരം ശിവം ദുബെ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയും മുന്നിലുണ്ട്.
Be the first to comment