
കോട്ടയം : നാട് കർക്കിടകത്തിന്റെ പുണ്യ ദിനങ്ങളിലേക്ക് കടക്കുമ്പോൾ രണ്ട് ഗ്രാമങ്ങൾ പൈതൃകത്തിന്റെ വഴിയിലേക്ക് കടക്കും. സംക്രാന്തിയിലും പാക്കിലും സംക്രമ വാണിഭത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കർക്കടക സംക്രമ ദിനമായ 15നു സംക്രാന്തിയിലും 16നു പാക്കിലും വഴിയോര മേളകൾ എന്നാണ് ഇത്തവണത്തെ ക്രമം. സംക്രാന്തിയിൽ ഒരു ദിവസവും പാക്കിൽ ഒരു മാസവുമാണു മേള. ചില കച്ചവടക്കാർ സംക്രാന്തിയിൽ കൂടുതൽ ദിവസങ്ങൾ തങ്ങും.
രണ്ടു സ്ഥലങ്ങളിലും വാലൻകുട്ട, വട്ടക്കുട്ട, ചോറ്റുകുട്ട, തഴപ്പായ, ചിരട്ടത്തവി തുടങ്ങിയവയടക്കം പഴമയുടെ സൗന്ദര്യവുമായി കച്ചവടക്കാർ എത്തിച്ചേരും. സംക്രാന്തി വിളക്കമ്പലത്തിലെ കർക്കിടക സംക്രമത്തോടനുബന്ധിച്ചാണ് രാമായണ മാസാചരണവും വഴിയോര മേളയും നടത്തുന്നത്. 15നു പുലർച്ചെ 5നു തന്ത്രി കടിയക്കോൽ ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമവും ഭഗവതി സേവയും ഉണ്ടായിരിക്കും. 9നു കുമാരനല്ലൂർ ദേവസ്വം മാനേജർ കാഞ്ഞിരക്കാട്ടില്ലം കെ.എ. മുരളി സംക്രമ ദീപം തെളിയിക്കും.
12നു പ്രസാദമൂട്ട്. 5നു സ്നേഹ ദീപം തെളിയിക്കൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പാക്കിൽ ധർമശാസ്താ ക്ഷേത്ര മൈതാനത്ത് താൽക്കാലികമായി ഒരുക്കുന്ന സ്റ്റാളുകളിലാണ് കച്ചവടം. മൈതാനം ഇത്തവണ താൽക്കാലികമായി കച്ചവടക്കാർക്ക് ലേലത്തിനു നൽകി. പന്തലിന്റെ കാൽനാട്ടു കർമം നടത്തി. കാവാലം, തെള്ളിയൂർ, വൈക്കം തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നു പരമ്പരാഗത കൈത്തൊഴിലാളികൾ പായയും കുട്ടയും മുറവും എത്തിച്ചേരുന്ന മേളയാണു പാക്കിലേത്. നൂറോളം സ്റ്റാളുകൾ ഉണ്ടാകും.
Be the first to comment