
സായ് അഭ്യാങ്കറിന് ശേഷം തിങ്ക് മ്യൂസിക്കിലൂടെ പുതിയ മ്യൂസിക്ക് സെൻസേഷനായി സാറ ബ്ലാക്ക്. സ്വതന്ത്ര സംഗീതജ്ഞർക്ക് അവസരം നൽകുന്ന തിങ്ക് മ്യൂസിക്കിന്റെ തിങ്ക് ഇൻഡിയിലൂടെ പുറത്തുവന്ന സാറ ബ്ലാക്കിന്റെ ‘തരുണങ്കൾ’ എന്ന ആൽബം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.
തിങ്ക് ഇൻഡിയിലൂടെ തന്നെ മുൻപ് പുറത്തിറങ്ങിയ സാറ ബ്ലാക്കിന്റെ ‘റെഡ്’ എന്ന ഇംഗ്ലീഷ് ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തരുണങ്കളിന്റെ വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത് ലോങ്ങ് ഡിസ്റ്റൻസ് പ്രണയബന്ധത്തിലേർപ്പെട്ടിരിക്കുന്ന കാമുകിയുടെ ചിന്തകളുടെ രൂപത്തിലാണ്. ഇൻസ്റ്റാഗ്രാം റീൽസിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായ കരൺ ബി-ഫാബും, സാറ ബ്ലാക്കും ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

സാറ ബ്ലാക്ക് തന്നെ ഈണമിട്ട് അരുൺ കുമാർ ശങ്കരൻ വരികളെഴുതിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് വി.എസ് ആണ്. ഗാനത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ്, വി.എഫ്.എക്സ്, എന്നിവ കൈകാര്യം ചെയ്യുന്നത് ടീം കെവോയ്ഡ് ആണ്. ഗാനം ഇതിനകം 2 ലക്ഷത്തിനടുത്ത് കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.
സമകാലീനരായ ഗായകരിൽ നിന്ന് വളരെ വേറിട്ട ശബ്ദവും ഉച്ചാരണത്തിലെ പോപ്പ് ചുവയുമൊക്കെയാണ് സാറ ബ്ലാക്കിന്റെ ഗാനങ്ങളുടെ പ്രത്യേകത. ശാസ്ത്രീയമായ സംഗീത പരിജ്ഞാനം നേടിയിട്ടില്ലാത്ത സാറ, ജോൺ ബെല്യൺ, മിലി സൈറസ്, സെലേന ഗോമസ്, ബില്ലി ഐലിഷ് തുടങ്ങിയ പോപ്പ് ഗായകരെ അനുകരിച്ചാണ് പാടി തുടങ്ങിയത്.

Be the first to comment