സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസം; എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടന

തിരുവനന്തപുരം: സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കി തീരുമാനത്തിനോട് എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ അറിയിച്ചു.

നിലവില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെഇആര്‍ വ്യവസ്ഥകളുമനുസരിച്ച് പ്രൈമറിയില്‍ 800 ഉം സെക്കന്‍ററിയില്‍ 1000 വും ഹയര്‍ സെക്കന്‍ററിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യായന സമയമായി വരേണ്ടത്. ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിലുള്ളതുകൊണ്ടുതന്നെ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ടിഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി വന്നത് അടുത്ത ഒരാഴ്ചത്തെ പാഠഭാഗങ്ങളുടെ ആസൂത്രണം നടത്തുവാന്‍ അധ്യാപകനും കഴിഞ്ഞ ഒരാഴ്ചത്തെ പാഠഭാഗങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ക്കും ആവശമായ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യായനം എന്ന ലക്ഷ്യത്തിലേക്ക് അധ്യാപക സമൂഹത്തെ നയിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്കിട നല്‍കാതെ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമായി വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തണമെന്നും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*