ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയതായി എസ്ബിഐ. തെരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കമ്മിഷന് കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു. ഇലക്ടറൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകളും ഒരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉൾപ്പെടെയാണ് കൈമാറിയത്.
അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെ, തങ്ങളുടെ കൈവശവും കസ്റ്റഡിയിലുമുണ്ടായിരുന്ന ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് കുമാർ ഖാര സത്യവാങ്മൂലത്തിൽ അറിയിച്ചു. അക്കൗണ്ടിന്റെ സുരക്ഷ കണക്കിലെടുത്താണ് ( സൈബർ സുരക്ഷ) രാഷ്ട്രീയ പാർട്ടികളുടെ പൂർണ്ണമായ ബാങ്ക് അക്കൗണ്ട് നമ്പറുകളും രാഷ്ട്രീയ പാർട്ടികളുടെ കെവൈസി വിശദാംശങ്ങളും പരസ്യപ്പെടുത്താത്തതെന്നും എസ്ബിഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അതുപോലെ, ബോണ്ട് വാങ്ങിയവരുടെ കെവൈസി വിശദാംശങ്ങളും സുരക്ഷാ കാരണങ്ങളാൽ പരസ്യമാക്കിയിട്ടില്ല. എന്നിരുന്നാലും, ബോണ്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാൻ അവ തടസ്സമാകില്ലെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. എസ്ബിഐ നേരത്തെ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി അതൃപ്തി രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും ഇന്ന് അഞ്ചു മണിക്കു മുൻപേ കൈമാറണമെന്ന് അന്ത്യശാസനം നൽകിയിരുന്നു.
Be the first to comment