സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതിയും പ്രഭാത ഭക്ഷണ ആക്ഷൻ പ്ലാനും രൂപീകരിക്കും; വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ ഒരുങ്ങി സർക്കാർ. എല്ലാ സ്‌കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്‌കൂളുകളിൽ 2400 ഓളം സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. എറണാകുളം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെ കളമശേരി, എറണാകുളം, കൊച്ചി നിയമസഭാ മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ മാതൃകയിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പൂർവ്വ വിദ്യാർത്ഥി സംഘടനകളുടേയും സഹായത്തോടെ കൂടുതൽ സ്‌കൂളുകളിലേക്ക് പ്രഭാത ഭക്ഷണ പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് കുട്ടികൾക്കുള്ള ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നത്. അത് ഇനിയും തുടരുമെന്ന് ഉറപ്പാണ്. വലിയ കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാനാകുമോയെന്ന കാര്യം പരിശോധിക്കും. ഇതു സംബന്ധിച്ച ആക്ഷൻ പ്ലാൻ തയാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*