വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്കൂള്‍ പ്രിൻസിപ്പാള്‍

പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്കൂള്‍ പ്രിൻസിപ്പാള്‍.  കുട്ടി ഫിസിക്സ് പരീക്ഷ എഴുതുന്നില്ലെന്ന് അമ്മ എഴുതിത്തന്നിരുന്നു എന്നാണ് പ്രിൻസിപ്പാള്‍ പറയുന്നത്.  വിവിധ വിഷയങ്ങള്‍ തോറ്റ കുട്ടികളെ, പഠിക്കാൻ സമയം കിട്ടാൻ വേണ്ടിയാണ് പരീക്ഷ എഴുതിക്കാത്തതെന്നും പ്രിൻസിപ്പാള്‍.  മാര്‍ച്ചില്‍ മൂന്ന് വിഷയം എഴുതിക്കും, ഏപ്രില്‍-മെയ് മാസങ്ങള്‍ കൊണ്ട് ബാക്കി വിഷയം പഠിച്ച് ജൂണില്‍ പരീക്ഷ എഴുതണം എന്നും പ്രിൻസിപ്പാള്‍. 

അതേസമയം പരീക്ഷ എഴുതിക്കാതിരുന്നതിന്‍റെ പേരില്‍ സ്കൂളിനെതിരെ പാലക്കാട് ഡിഡിഇ നടപടിയെടുത്തിട്ടുണ്ട്.  സംഭവത്തില്‍ സ്കൂളിനെതിരായ റിപ്പോര്‍ട്ട് ഡിഡിഇ, പരീക്ഷാ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് പ്ലസ് ടു പൊതുപരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന പരാതിയുമായി പാലക്കാട് ഹയർ സെക്കൻ‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി സഞ്ജയും കുടുംബവും പരാതിയുമായി രംഗത്തെത്തിയത്.  മാര്‍ച്ച് 1ന് നടന്ന ഫിസിക്സ് പരീക്ഷയാണ് എഴുതാൻ അനുവദിക്കാതിരുന്നത്. 

സഞ്ജയുടെ പരാതി സത്യമാണെന്നാണ് ഡിഡിഇ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ സ്കൂള്‍ അധികൃതര്‍ പരീക്ഷ എഴുതിച്ചില്ല എന്ന് തന്നെയാണെന്നത് വ്യക്തമായി. പരീക്ഷ സൂപ്രണ്ടിനോട് കുട്ടി അവധിയാണെന്നാണത്രേ പ്രിൻസിപ്പാള്‍ പറഞ്ഞത്.  സംഭവം വലിയ രീതിയിലാണ് ചര്‍ച്ചയായിട്ടുള്ളത്. നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കാതിരുന്നത് തന്നെയാണ്, ഇത്തരം പ്രവണതകള്‍ എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് ഉയരുന്ന പ്രതിഷേധം.

Be the first to comment

Leave a Reply

Your email address will not be published.


*