സ്കൂൾ പ്രവൃത്തി ദിവസം; അധ്യാപക പ്രതിഷേധത്തിന് പിന്നാലെ പിൻവലിഞ്ഞ് സർക്കാർ

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി.  മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക.

കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നതോടെയാണ് മുൻനിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. വിഷയത്തിൽ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ അധ്യാപക സംഘടനകളുടെ യോഗം ചേർന്നിരുന്നു.

മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ല. അദ്ധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു

Be the first to comment

Leave a Reply

Your email address will not be published.


*