സ്‌കൂളുകളിൽ അടുത്ത മാസത്തോടെ പുതുതായി 36366 ലാപ്‌ടോപ്പുകൾ ലഭ്യമാക്കും; മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്‌കൂളുകളിൽ അടുത്ത മാസത്തോടെ 36366 ലാപ്‌ടോപ്പുകൾ കൈറ്റ് മുഖേന ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈടക് സ്‌കൂൾ സ്‌കീമിൽ ലാബുകൾക്കായി 16500 എണ്ണം, വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 എണ്ണം, വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 എണ്ണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നത്.

കിഫ്ബി ധനസഹായത്തോടെ എട്ട് മുതൽ 12 വരെ ക്ലാസുകളിൽ നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ഇതിനകം 4752 സർക്കാർ-എയിഡഡ് സ്‌കൂളുകളിൽ 59532 ലാപ്‌ടോപ്പുകളും 43739 പ്രൊജക്ടറുകളും 43004 സ്പീക്കറുകളും 21841 സ്‌ക്രീനുകളും 4545 ടെലിവിഷനുകളും 4609 മൾട്ടിഫംഗ്ഷൻ പ്രിന്ററുകളും 4720 HD വെബ് ക്യാമറകളും 4578 ഡിസ്ലർ ക്യാമറകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി 56244 ലാപ്‌ടോപ്പ്, 24381 പ്രൊജക്ടർ, 56240 സ്പീക്കർ എന്നിവയും വിന്യസിച്ചു. മൊത്തം 625 കോടി രൂപയാണ് രണ്ടു പദ്ധതികൾക്കുമായി കിഫ്ബിയിലൂടെ കൈറ്റ് ചെലവഴിച്ചിട്ടുള്ളത്. കിഫ്ബിക്കു പുറമെ പ്രാദേശിക തലത്തിൽ സ്വരൂപിക്കപ്പെട്ട 135.50 കോടി കൂടി ചേർത്താൽ ഈ പദ്ധതിക്ക് ചെലവായ ആകെ തുക 760 കോടി രൂപയാണ്. ഇപ്രകാരം 4.4 ലക്ഷം ഉപകരണങ്ങൾ അഞ്ചു വർഷ വാറണ്ടിയോടെ സ്‌കൂളുകളിലുള്ളതായി മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*