പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കരുത്; എന്‍.സി.ഇ.ആര്‍.ടിക്ക് കത്തെഴുതി ശാസ്ത്രജ്ഞരും അധ്യാപകരും

എന്‍.സി.ഇ.ആര്‍.ടി. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പത്താംക്ലാസിലെ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ശാസ്ത്രലോകം. പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800ഓളം ശാസ്ത്രജ്ഞരും അധ്യാപകരും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (NCERT) കത്തെഴുതി. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നതിനെതിരെ കത്തിൽ ഒപ്പിട്ടതെന്ന് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഏപ്രിൽ 20-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കോവിഡ് കാലത്ത് സിലബസ് കുറയ്ക്കുന്നതിന്റെ ഭാഗമായി പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഡാര്‍വിന്‍ സിദ്ധാന്തം താത്കാലികമായി നീക്കം ചെയ്തിരുന്നു. എന്നാല്‍ ‘കണ്ടന്റ് റേഷണലൈസേഷന്റെ’ ഭാഗമായി ഇപ്പോഴിത് പൂര്‍ണമായി നീക്കം ചെയ്തിരിക്കുകയാണ്.

ശാസ്ത്രത്തിന്റെ അടിസ്ഥാന കണ്ടെത്തൽ കുട്ടികൾ പഠിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് അവരുടെ ചിന്താ പ്രക്രിയകളിൽ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം കരുതുന്നതായി കത്തിൽ പറയുന്നു. പരിണാമ സിദ്ധാന്തത്തിന്റെ ശാസ്ത്രീയവും സാമൂഹികവുമായ പ്രസക്തി വിശദീകരിച്ചാണ് കത്തെഴുതിയിരിക്കുന്നത്. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവ് ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും കെട്ടിപ്പടുക്കുന്നതിൽ നിർണായകമാണെന്നും കത്തിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*