പസഫിക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ

പസഫിക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ. വലുപ്പത്തിൽ മൗണ്ട് ഒളിംപസിനെയും കടത്തിവെട്ടുന്ന, നാല് ബുർജ് ഖലീഫയുടെ അത്ര ഉയരമുള്ള കൂറ്റൻ പർവത്തെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

സച്മിഡിറ്റ് സമുദ്രഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ്, തങ്ങളുടെ പര്യവേഷണത്തിനിടയിൽ പർവതം കണ്ടെത്തിയത്. ചിലെ തീരത്തിന് 1,448 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് കൂറ്റൻ പർവതത്തിന്റെ സ്ഥാനം. അടിത്തട്ടിൽ നിന്ന് 3,109 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവതത്തിന് നാല് ബുർജ് ഖലീഫകൾ മുകളിലായി അടുക്കിവെച്ചാലുള്ളത്ര ഉയരമാണുള്ളത്.

ഗ്രീസിലെ മൗണ്ട് ഒളിംപസിനെയും ഉയരത്തിൽ ഈ പർവതം കടത്തിവെട്ടും. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പർവതത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ സംഘം, വൈവിധ്യമാർന്ന സസ്യ, ജന്തു ജീവജാലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, കാസ്പെർ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന, അപ്പൂർവ വെള്ള നീരാളിയും മറ്റ് ജീവികളും ശാസ്ത്രജ്ഞരുടെ ക്യാമറയിൽ പതിഞ്ഞിരുന്നു.

അപൂർവ സസ്യജന്തുജാലങ്ങളുടെ കലവറയായ ‘നസ്‌ക’ കടലിടുക്കിൽ സംഘം നടത്തുന്ന അനവധി പര്യവേഷണങ്ങളുടെ ഒരു ഭാഗമായിരുന്നു ഇതും. നിലവിലെ ദൗത്യത്തിൽ മാത്രം ഇരുപത്തിയഞ്ചോളം പർവതങ്ങൾ കണ്ടെത്തിയതായാണ് വിവരം. അവ കൂടാതെ ഇതുവരെ കണ്ടെത്താത്ത നിരവധി ജീവജാലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*