അണ്ഡവും ബീജവും ​ഗർഭപാത്രവുമില്ലാതെ മനുഷ്യ ഭ്രൂണത്തിന്റെ ആദ്യ രൂപം വികസിപ്പിച്ച് ശാസ്ത്രജ്ഞർ

അണ്ഡവും ബീജവും ​ഗർഭപാത്രവുമില്ലാതെ മനുഷ്യ ഭ്രൂണത്തിന്റെ ആദ്യ രൂപം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇസ്രായേലിലെ വെയ്സ്മാൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് മൂല കോശങ്ങൾ ഉപയോഗിച്ച് സിന്തറ്റിക് ഭ്രൂണത്തിന് രൂപം നല്‍കിയത്. ഇത് 14 ദിവസം പ്രായം തോന്നിക്കുന്ന മനുഷ്യ ഭ്രൂണത്തിന് സമമാണെന്ന് വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ടീം പറയുന്നു.

ഗർഭധാരണ ടെസ്റ്റ് പോസിറ്റീവ് ആക്കുന്ന ഹോർമോണുകളും ലാബിൽ വികസിപ്പിച്ചിട്ടുണ്ട്. മനുഷ്യ ഭ്രൂണത്തിന്റെ ആദ്യകാല നിമിഷങ്ങൾ മനസിലാക്കുകയാണ് പരീക്ഷണത്തിന്റെ അടിസ്ഥാനമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ബീജസങ്കലനം നടന്നതിന് ശേഷമുള്ള ആദ്യ ആഴ്ചകളിൽ കോശങ്ങൾക്ക് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അവ്യക്ത കോശങ്ങളുടെ ശേഖരത്തിൽ നിന്ന് ബേബി സ്കാനിൽ തിരിച്ചറിയാൻ കഴിയുന്ന ഭ്രൂണത്തിലേക്കുള്ള മാറ്റം സംഭവിക്കുന്നത് ആദ്യ ആഴ്ചകളിലാണ്. ഗർഭച്ഛിദ്രം സംഭവിക്കാനും ജനന വൈകല്യങ്ങളുണ്ടാകാനും സാധ്യതയുള്ള സമയമാണിത്. എന്നാല്‍, ഇവ ശരീയായി ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിഷയത്തില്‍ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ ജേക്കബ് ഹന്ന പറഞ്ഞു.

ബീജത്തിനും അണ്ഡത്തിനും പകരം, ശരീരത്തിലെ ഏത് തരത്തിലുള്ള ടിഷ്യുവുമായി മാറാന്‍ കഴിയുന്ന തരത്തില്‍ പുനർനിർമ്മിച്ച മൂലകോശങ്ങളാണ് പ്രാരംഭ ഘടകമായി ഇവിടെ ഉപയോഗിച്ചത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ ഭ്രൂണത്തിന്റെ ആദ്യഘട്ടങ്ങളിൽ കാണപ്പെടുന്ന നാലുതരം കോശങ്ങളായി മൂലകോശങ്ങളെ മാറ്റിയെടുത്താണ് പരീക്ഷണം നടത്തിയത്.

എപ്പിബ്ലാസ്റ്റ് കോശങ്ങൾ ഭ്രൂണമായും ട്രോഫോബ്ലാസ്റ്റ് കോശങ്ങൾ പ്ലാസന്റയായും ഹൈപ്പോബ്ലാസ്റ്റ് സെല്ലുകൾ മഞ്ഞക്കരു സഞ്ചിയായും മാറുന്നു. ഇവയ്ക്കൊപ്പം എക്സ്ട്രാ എംബ്രിയോണിക് സെല്ലുകളും രൂപപ്പെടുന്നുണ്ട്. ഇവയിൽ നിന്ന് 120 കോശങ്ങൾ കൃത്യമായ അനുപാതത്തിൽ തമ്മിൽ യോജിപ്പിച്ചശേഷം നിരീക്ഷിക്കുകയായിരുന്നു. ഏകദേശം 1% മിശ്രിതം ഒരു മനുഷ്യ ഭ്രൂണത്തോട് സാമ്യമുള്ള ഘടനയിലേക്ക് സ്വയമേവ വളരെ വേഗത്തിൽ ഒത്തുചേരുന്നതായി കണ്ടെത്തി. ഇതൊരു അത്ഭുതകരമായ പ്രതിഭാസമാണെന്നും മിശ്രിതവും ശരിയായ അന്തരീക്ഷവുമുണ്ടെങ്കിൽ, സെല്ലുകൾ ഇത്തരത്തിൽ യോജിക്കുന്നത് കാണാമെന്ന് പഠനം നടത്തിയവർ പറയുന്നു.

ബീജസങ്കലനത്തിന് 14 ദിവസത്തിനുശേഷം ഭ്രൂണവുമായി താരതമ്യപ്പെടുത്തുന്നതുവരെ അവയെ വളരാനും വികസിക്കാനും അനുവദിച്ചു. പല രാജ്യങ്ങളിലും, സാധാരണ ഭ്രൂണ ഗവേഷണത്തിനുള്ള നിയമപരമായ പരിധി ഇതുവരെയാണ്. പ്ലാസന്റയായി മാറുന്ന ട്രോഫോബ്ലാസ്റ്റ് ഭ്രൂണത്തെ മൂടുന്നത് വ്യക്തമായി നിരീക്ഷിക്കാൻ സാധിക്കും. കുഞ്ഞിന് പോഷകങ്ങൾ കൈമാറുന്നതിനായി അമ്മയുടെ രക്തം നിറയ്ക്കുന്ന ലാക്കുന എന്നറിയപ്പെടുന്ന അറകളും ഇതിൽ ഉൾപ്പെടുന്നു. കരളിന്റെയും വൃക്കകളുടെയും ചില റോളുകളുള്ള ഒരു മഞ്ഞക്കരു സഞ്ചിയും ഭ്രൂണ വികാസത്തിന്റെ ഈ ഘട്ടത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ ബിലാമിനാർ ഭ്രൂണ ഡിസ്കും ഉണ്ട്.

വ്യത്യസ്തതരം കോശങ്ങളും ശരീരത്തിന്റെ അവയവങ്ങളും രൂപപ്പെടുന്ന ആദ്യ ഘട്ടങ്ങളും ജനിതക രോഗങ്ങളും മനസിലാക്കാന്‍ ഭ്രൂണ മാതൃകകൾ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് പ്രതീക്ഷ. കോശങ്ങൾക്ക് ചുറ്റും പ്ലാസന്റയ്ക്ക് രൂപപ്പെടാൻ കഴിയുന്നില്ലെങ്കിൽ ഭ്രൂണത്തിന്റെ മറ്റ് ഭാഗങ്ങൾ രൂപപ്പെടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ചില ഭ്രൂണങ്ങൾ പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ മനസിലാക്കുന്നതിനും ഗർഭകാലത്ത് മരുന്നുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനും ഈ പഠനരീതി സഹായിക്കും. 

Be the first to comment

Leave a Reply

Your email address will not be published.


*