തിരുവനന്തപുരം മുതല്‍ തൃശൂർ വരെ കടലാക്രമണം; അടിമലത്തുറയിൽ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു, ബീച്ച് യാത്രയ്ക്ക് നിയന്ത്രണം

കേരള തീരത്ത് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ വിവിധ മേഖലകളില്‍ കടലാക്രമത്തില്‍ വ്യാപക ദുരിതം. തൃശൂര്‍ ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് കടലാക്രമണം ദുരിതം വിതച്ചത്. തിരുവനന്തപുരം ജില്ലയിലാണ് കടലാക്രമണം രൂക്ഷമായത്. പൊഴിയൂര്‍ മുതല്‍ പുല്ലുവിള ജില്ലയില്‍ വരെയാണു കടലാക്രമണമുണ്ടായത്. അടിമലത്തുറയില്‍ പല വീടുകളില്‍നിന്നും വീട്ടുകാരെ ഒഴിപ്പിച്ച് ക്യാംപുകളിലേക്ക് മാറ്റി. കടലാക്രമണത്തില്‍ നിരവധി വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചുതെങ്ങ് വര്‍ക്കല പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായിരുന്നു.

കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. തീരദേശ മേഖല ഉള്‍പ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ് തഹസില്‍ദാര്‍മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വേലിയേറ്റ സമയത്തുണ്ടായ വെള്ളം തിരിച്ചു കടലിലേക്ക് ഇറക്കിവിടുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ആര്‍ ടി ഒ, മേജര്‍ ഇറിഗേഷന്‍, അദാനി, മൈനര്‍ ഇറിഗേഷന്‍, വിസില്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡി ഡി പി എന്നിവരുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം എന്നുമാണ് നിര്‍ദേശം.

അടിയന്തിര സഹായങ്ങൾക്കായി കളക്ട്രേറ്റ് കൺട്രോൾ റൂമിലേക്ക് 9447677800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെന്നും എന്നാൽ തീരത്തേക്ക് മടങ്ങിയെത്തുന്ന യാനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*