
ബെംഗളുരു: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നു. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം മഴ കുറഞ്ഞതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. ലോറി ഗംഗാവലിപ്പുഴയിൽലേക്ക് വീണിരിക്കാമെന്ന സംശയത്തിൽ നേവി നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം. മലയിടിഞ്ഞ് വീണുള്ള മണ്ണിനടിയിൽ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നതിൽ ഇനി പരിശോധന നടത്തും. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചാകും പരിശോധന നടത്തുക.
രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. എന്നാൽ അപകടം നടന്ന് നാല് ദിവസമായിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിതമല്ലെന്നാണ് അർജുന്റെ കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് അർജുൻ. അർജുനെ കണ്ടെത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ കർണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അർജുൻ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തെരച്ചിൽ മന്ദഗതിയിലായിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
Be the first to comment