നെന്മാറ ഇരട്ടക്കൊലപാതക കേസ് : ചെന്താമര പോത്തുണ്ടി മാട്ടായയില്‍? വ്യാപക തിരച്ചില്‍

നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടെന്ന് നാട്ടുകാര്‍. പോത്തുണ്ടി മാട്ടായിയില്‍ വെച്ച് ചെന്താമരയെ കണ്ടതായി നാട്ടുകാര്‍ അറിയിക്കുന്നു. നാട്ടുകാരെ കണ്ട് പ്രതി ഓടി മറഞ്ഞതായാണ് വിവരം. പൊലീസും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസുകാര്‍ ഇങ്ങോട്ട് വന്നിരുന്നുവെന്നും പ്രദേശത്തെ കോഴിഫാമിന് സമീപത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. നാട്ടുകാര്‍ സ്റ്റേഷനില്‍ വിളിച്ച് പെട്ടന്ന് വരാന്‍ പറഞ്ഞത് പ്രകാരമാണ് തങ്ങള്‍ ഇങ്ങോട്ട് വന്നതെന്നും ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു. കണ്ടത് ചെന്താമരയെ തന്നെയെന്നും ഡിവൈഎസ്പി എന്‍ മുരളീധരന്‍ സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ കണ്ടയുടനെ പ്രതി വനത്തിലേക്ക് ഓടി മറയുകയായിരുന്നു.

പ്രതി നേരത്തെയും കുറ്റകൃത്യം നടത്തി കാട്ടിനുള്ളിലേക്ക് വലിയുകയായിരുന്നു പതിവ്. ഇത്തവണയും ഈ സാധ്യത അന്വേഷണ സംഘം കണക്കിലെടുത്തിരുന്നു. ഇത് ശരിവെക്കും വിധമാണ് നിലവിലെ സംഭവ വികാസങ്ങള്‍. ചെന്താമരയുടെ ബന്ധുവിന്റെ വീട് മാട്ടായയില്‍ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

പ്രദേശത്ത് തിരച്ചില്‍ നടത്തിയ കുട്ടികളുടെ സംഘമാണ് ചെന്താമരയെ കണ്ടത്. പൊലീസ് സംഘം വനത്തിന് അകത്തേക്ക് പരിശോധനയ്ക്കായി കടന്നു കഴിഞ്ഞു. അതേസമയം, പോത്തുണ്ടി മാട്ടായിയില്‍ കണ്ടെത്തിയത് ചെന്താമരയെ തന്നെയെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പാലക്കാട് എസ്പി  പറഞ്ഞു. പ്രതി തന്നെയാണോ എന്ന് സംശയമുണ്ട് പരമാവധി സംഘത്തെ വിന്യസിച്ച് തിരച്ചില്‍ നടത്തുന്നു.പ്രതിയെ ഇന്ന് തന്നെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്പി അജിത് കുമാര്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*