ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ; പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ മനു ഭാക്കർ-സരബ്ജോത് സിംഗ് സഖ്യത്തിന് വെങ്കലം

പാരിസ് : പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഷൂട്ടിംഗിൽ 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ഡബിൾസിലാണ് മെഡൽ നേട്ടം. ഇന്ത്യയ്ക്കായി മനു ഭാക്കർ-സരബ്‌ജോത് സിംഗ് സഖ്യമാണ് വെങ്കല നേട്ടം സ്വന്തമാക്കിയത്. ദക്ഷിണകൊറിയയുടെ ലീ വോൻഹോ-ഓ യെ-ജിൻ സഖ്യമായിരുന്നു ഇന്ത്യൻ സംഘത്തിന്റെ എതിരാളികൾ.വെങ്കല മെഡലിനായുള്ള മത്സരത്തിൽ 16-10 എന്ന പോയിന്റിനാണ് വിജയം നേടിയത്.

ആദ്യ ഷൂട്ടിൽ ദക്ഷിണകൊറിയയാണ് ലീഡ് ചെയ്തത്. എന്നാൽ രണ്ടാം ശ്രമത്തിൽ ഇന്ത്യ ഒപ്പമെത്തി. പിന്നീട് ഒരിക്കൽ പോലും ഇന്ത്യൻ താരങ്ങൾ പിന്നിൽ പോയില്ല. ഒടുവിൽ 13 ഷൂട്ടിം​ഗ് നടന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ വിജയം.

വനിത താരം മനു ഭാക്കറിന് പാരിസ് ഒളിംപിക്സിലെ രണ്ടാം മെഡലാണിത്. മുമ്പ് 10 മീറ്റർ എയർ പിസ്റ്റൽസ് വനിതാ വിഭാഗത്തിലും താരം വെങ്കല മെഡൽ നേടിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഒരു ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടുന്നത്. മുമ്പ് പി വി സിന്ധുവും സുശീൽ കുമാറും വ്യത്യസ്ത ഒളിംപിക്സുകളിലായി ഇന്ത്യയ്ക്കായി രണ്ട് മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*