തുടര്‍ച്ചയായ അപകടങ്ങൾ; കോട്ടയം മാർമല വെള്ളച്ചാട്ടത്തില്‍ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും

കോട്ടയം:  തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് കോട്ടയം തീക്കോയി മാര്‍മല വെള്ളച്ചാട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് പേരാണ് ഇവിടെ മരണപ്പെട്ടത്. അടുത്തിടെ വെള്ളം ചാട്ടം കാണാനെത്തിയ 5 സഞ്ചാരികള്‍ മലവെള്ളപ്പാച്ചിലില്‍ കുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മാർമല അരുവിയിൽ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താന്‍ തീരുമാനിച്ചത്.

ടൂറിസം ഡിപ്പാർട്ട്മെന്റ് 79.5 ലക്ഷം രൂപയുടെയും ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപയുടെയും സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കും. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് ടേക്ക് എ ബ്രേക്ക് നിർമ്മിക്കും. മാർമലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 2 ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. 

അരുവി സന്ദർശനത്തിന് പ്രവേശന പാസ് ഏർപ്പെടുത്തും. സന്ദർശകരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിനും വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തി ഫീസ് ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു.

കൂടുതൽ മുന്നറിയിപ്പ് ബോർഡുകളും മാലിന്യനിർമാർജന സൗകര്യങ്ങളും ഒരുക്കുന്നതാണ്. സന്ദർശന സമയം രാവിലെ 7 മുതൽ വൈകിട്ട് 5 മണി വരെയായി നിജപ്പെടുത്തും. സന്ദർശകരെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനുമായി സെക്യൂരിറ്റിമാരെ നിയമിക്കുകയും അരുവിയിൽ സന്ദർശകർക്ക് വെള്ളച്ചാട്ടം കാണുന്നതിനും ആസ്വദിക്കുന്നതിനും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതുമാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*