ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന് അഹമ്മദാബാദിൽ ചേരും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ എന്നാണ് ആകാംക്ഷ. രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം ഉറപ്പിച്ചു. അഹമ്മദാബാദിൽ ചേരുന്ന സെലക്ഷൻ കമ്മറ്റി യോഗത്തിൽ നറുക്കു വീഴുന്ന ബാക്കി 10 പേർ ആരൊക്കെയാകും ആകാംക്ഷ നിലനിൽക്കുകയാണ്. യശസ്വി ജയ്സ്വാൾ ഓപ്പണറുടെ സ്ഥാനം പിടിച്ചാൽ ശുഭ് മാൻ ഗിൽ റിസർവ് താരങ്ങളുടെ കൂട്ടത്തിലാകും.

വാശിയേറിയ മത്സരം നടക്കുന്നത് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പർ ആകുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുമ്പോഴും റിഷഭ് പന്തിനോടാണ് ടീം മാനേജ്മെന്റിന് താല്പര്യം. പന്തിനെ വൈസ് ക്യാപ്റ്റൻ ആക്കാനും ആലോചനയുണ്ട്. അഞ്ചു മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാർ തന്നെ വേണമെന്ന് രോഹിത് ശർമ ആവശ്യപ്പെട്ടത് സഞ്ജുവിന് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. ജിതേഷ് ശർമ, ദ്രുവ് ജുറൽ, ഐപിഎല്ലിൻ്റെ ആദ്യപാദത്തിൽ അടിച്ചു തകർത്ത വെറ്ററൻ താരം ദിനേഷ് കാർത്തിക് എന്നീ പേരുകളും സെലക്ഷൻ കമ്മിറ്റിയുടെ മുന്നിലുണ്ട്.

ഫിനിഷറുടെ റോളിലേക്ക് റിങ്കു സിംങ്ങും ഇടം ഉറപ്പിക്കാൻ ആണ് സാധ്യത. ഹാർദിക് പണ്ഡ്യയ്ക്ക് പകരം ശിവം ദുബെയെ ടീമിലെടുക്കാനും ആലോചനയുണ്ട്. ജസ്‌പ്രിത് ബുംറയ്ക്ക് കൂട്ടായി മുഹമ്മദ് സിറാജ്, അർഷദ്വീപ് സിംഗ് എന്നിവർ തന്നെ പേസ് നിരയിൽ എത്താനാണ് സാധ്യത. സ്പിൻ നിരയിൽ കുൽദീപ് ഇടം ഉറപ്പിക്കുമ്പോൾ കൂടെ യൂസ്വേന്ദ്ര ചഹാലോ അതോ രവി ബിഷ്ണോയോ എന്നതിൽ മാത്രം സംശയം.

Be the first to comment

Leave a Reply

Your email address will not be published.


*