ഫീച്ചര്‍ ഫോണുകളില്‍ ഒരു ദിവസം 10,000 രൂപ വരെ അയക്കാം; നെഫ്റ്റിലും ആര്‍ടിജിഎസിലും ഇനി ഗുണഭോക്താവിന്റെ പേരും; പുതിയ മാറ്റങ്ങള്‍ അറിയാം

മുംബൈ: ലൈറ്റിന്റെ ഇടപാട് പരിധി ഉയര്‍ത്തിയതിന് പുറമേ യുപിഐ123പേയുടെ ഒരു ഇടപാടിന്റെ പരിധിയും ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക്. ഒരു ഇടപാടിന്റെ പരിധി 5000 രൂപയില്‍ നിന്ന് 10000 രൂപയായാണ് ഉയര്‍ത്തിയത്.

2022 മാര്‍ച്ചിലാണ് യുപിഐ123പേ അവതരിപ്പിച്ചത്. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും യുപിഐ ഇടപാട് നടത്താന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രയോജനം ചെയ്യാന്‍ വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഈ പദ്ധതി അവതരിപ്പിച്ചത്. ഈ സൗകര്യം ഇന്ന് 12 ഭാഷകളില്‍ ലഭ്യമാണ്.

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം (RTGS), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT) എന്നി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ഗുണഭോക്താവിന്റെ അക്കൗണ്ട് പേര് യഥാര്‍ഥമാണെന്ന് വെരിഫൈ ചെയ്യാന്‍ കഴിയുന്ന സംവിധാനം അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഒരു ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് ഗുണഭോക്താവിന്റെ പേര് സ്ഥിരീകരിക്കുന്നതിന് യുപിഐ, ഐഎംപിഎസ് പോലുള്ള പേയ്മെന്റ് സംവിധാനങ്ങള്‍ പണമടയ്ക്കുന്നയാള്‍ക്ക് സൗകര്യം നല്‍കുന്നുണ്ട്. RTGS, NEFT സംവിധാനങ്ങള്‍ക്കായി ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥനകള്‍ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

ഇതനുസരിച്ച് ഫണ്ട് കൈമാറ്റം ആരംഭിക്കുന്നതിന് മുമ്പ് ഗുണഭോക്താവിന്റെ അക്കൗണ്ട് ഉടമയുടെ പേര് പരിശോധിക്കാന്‍ RTGS, NEFT എന്നിവയില്‍ പണമടയ്ക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കും. പണം അയക്കുന്നവര്‍ക്ക് ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പറും ബ്രാഞ്ച് ഐഎഫ്എസ്സി കോഡും നല്‍കുന്ന മുറയ്ക്ക് ഗുണഭോക്താവിന്റെ പേര് പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് സംവിധാനം വരിക. തെറ്റായ ക്രെഡിറ്റുകളുടെയും തട്ടിപ്പുകളുടെയും സാധ്യത കുറയ്ക്കുന്നതിനാല്‍ ഈ സൗകര്യം ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന അപകടസാധ്യതകളിലൊന്നായി ഉയര്‍ന്നുവരുന്ന കാലാവസ്ഥാ വ്യതിയാനത്തിനിടെ ‘റിസര്‍വ് ബാങ്ക് ക്ലൈമറ്റ് റിസ്‌ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം’ സ്ഥാപിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി

പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായും ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താനാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം നടത്താന്‍ കഴിയുന്ന പരമാവധി ഇടപാട് പരിധി 2000 രൂപയുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായാണ് ഉയര്‍ത്തിയത്. ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. അതായത് ഇനിമുതല്‍ യുപിഐ ലൈറ്റ് ഉപയോഗിച്ച് ആയിരം രൂപയില്‍ താഴെ വരുന്ന ഇടപാടുകള്‍ പിന്‍ ലെസ് ഫോര്‍മാറ്റില്‍ ഒരു ദിവസം നിരവധി തവണ ചെയ്യാം.

പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിന്‍ നല്‍കാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

ഒക്ടോബര്‍ 31 മുതല്‍ യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനായി ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന്‍ ഉപയോഗിക്കാനാകുമെന്ന് അടുത്തിടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു. ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 500ന് താഴെയുള്ള പിന്‍-ലെസ് ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് ഇത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിലും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യാന്‍ കഴിയുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*