ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വാക്പോരുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. 75-ാം വയസിൽ മോദി വിരമിച്ചില്ലെങ്കിൽ അദ്ദേഹത്തിന് മറ്റു മാർഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്നാണ് സ്വാമിയുടെ മുന്നറിയിപ്പ്. സെപ്റ്റംബർ 17ന് മോദി 75-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം.
“ആർ എസ് എസ് പ്രചാരക സംസ്കാരത്തോട് പ്രതിബന്ധതയുള്ള മോദി സെപ്റ്റംബർ 17ന് 75ലേക്ക് കടക്കുമ്പോൾ അധികാരത്തിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിൽ, പ്രധാനമന്ത്രി കസേര മറ്റേതെങ്കിലും വഴിയിലൂടെ നഷ്ടപ്പെടും” സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു.
ഏതാനും നാളുകളായി സുബ്രഹ്മണ്യ സ്വാമി നരേന്ദ്ര മോദിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. അടുത്തിടെ ജിഡിപി നിരക്കിനെ ചോദ്യം ചെയ്ത് സ്വാമി രംഗത്തെത്തിയിരുന്നു. ജിഡിപി വളർച്ചയെക്കുറിച്ചുള്ള മോദി സർക്കാരിൻ്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണ്. 2014 മുതലുള്ള ശരാശരി ജിഡിപി വളർച്ച പ്രതിവർഷം 5% മാത്രമാണ്, 2016 മുതൽ ഇത് പ്രതിവർഷം 3.7% ആണെന്നും സ്വാമി പറഞ്ഞിരുന്നു.
നേരത്തെ പ്രധാനമന്ത്രിയെ പഞ്ചതന്ത്ര കഥകളിലെ വവ്വാലെന്ന് വിശേഷിപ്പിച്ചും സ്വാമി രംഗത്തെത്തിയിരുന്നു. വ്ലാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പരാമർശം. ലഡാക്കിൽ ചൈന നടത്തിയ കടന്നുകയറ്റത്തിൽ മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തുവെന്നും സ്വാമി പറഞ്ഞിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബ്രിട്ടനിൽ ഒരു സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനികാര്യ മന്ത്രാലയത്തിന് നൽകിയ അപേക്ഷയിൽ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ ഗാന്ധി രേഖപ്പെടുത്തിയെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ഇത് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഒമ്പതിൻറെയും 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിൻറെയും ലംഘനമാണെന്നും സ്വാമി ആരോപിച്ചു. അഭിഭാഷകൻ സത്യ സഭർവാൾ വഴി സമർപ്പിച്ച ഹരജി അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും.
Be the first to comment