മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പിഎന്‍ പ്രസന്നകുമാര്‍ (74) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രസന്നകുമാര്‍, ചെക്കോസ്ലൊവാക്യയിലെ പ്രാഗില്‍ നിന്നും ജേണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു.

1974ല്‍ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ പത്രാധിപസമിതിയില്‍ ചേര്‍ന്നു. പിന്നീട് വീക്ഷണം പത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറും പിന്നീട് ചീഫ് റിപ്പോര്‍ട്ടറുമായി. വീക്ഷണം സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ വര്‍ക്കിങ് കമ്മിറ്റി അംഗവും ട്രഷററുമായി പ്രവര്‍ത്തിച്ചു. ഒരു ദശകത്തിലേറെ എറണാകുളം പ്രസ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു.

കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗം എന്നീ പദവികളും വഹിച്ചു. എറണാകുളം ടെലികോം ഉപദേശക സമിതിയിലും, പിന്നീട് സംസ്ഥാന ടെലികോം ഉപദേശക സമിതിയിലും അംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം രൂപീകൃമായതു മുതല്‍ സജീവമായിയിരുന്നു. ഫോറത്തിന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. പത്രപ്രവര്‍ത്തകരുടെ വേതനം നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ‘മജീദിയ’ വേജ് ബോര്‍ഡില്‍ അംഗമായിട്ടുണ്ട്. കെഎസ്യു ജില്ലാ ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം, എറണാകുളം ഡിസിസി ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു.

എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രജനി (റിട്ട. അധ്യാപിക, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്). മക്കള്‍: അശ്വിന്‍ (ജപ്പാന്‍), അശ്വിനി (കാനഡ), ഐശ്വര്യ (സിംഗപ്പൂര്‍).

 

Be the first to comment

Leave a Reply

Your email address will not be published.


*