ഒഡീഷയിലെ മഹാനദിയിൽ അമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ട് ഏഴുമരണം

ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ട് ഏഴ് മരണം. വെള്ളിയാഴ്ച ജാർസുഗുഡ ജില്ലയിലാണ് സംഭവം. 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിയുകയായിരുന്നു. തിരച്ചിൽ തുടരുകയാണെന്നും ശനിയാഴ്ച രാവിലെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും അധികൃതർ അറിയിച്ചു. യാത്രാമധ്യേ, ബോട്ട് കലങ്ങിയ വെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ശാരദാ ഘട്ടിന് സമീപം ബോട്ട് മറിയുകയായിരുന്നു.

ജാർസുഗുഡ ജില്ലാ ഭരണകൂടത്തിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും സഹായത്തോടെ ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ODRAF) തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ കളക്ടർ കാർത്തികേയ ഗോയൽ പറഞ്ഞു. ഭുവനേശ്വറിൽ നിന്ന് സ്കൂബാ ഡൈവർമാർ തിരച്ചിലിന് എത്തുമെന്നും അധികൃതർ പറഞ്ഞു. ഇതുവരെ 48 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ സഹായധനം നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു. അതേസമയം, സാധുവായ ലൈസൻസില്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് ബിജെപി പ്രാദേശിക നേതാവ് സുരേഷ് പൂജാരി ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*