പഞ്ചാബിലെ പട്യാലയിൽ ഏഴ് റോക്കറ്റ് ലോഞ്ചറുകൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് സൈന്യം

പഞ്ചാബിലെ പട്യാല ജില്ലയിൽ ഏഴ് റോക്കറ്റ് ലോഞ്ചറുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗശൂന്യമാണെന്നും സ്‌ഫോടക വസ്തുക്കളായി കണക്കാക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. പട്യാല റോഡിലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് ലോഞ്ചറുകൾ കണ്ടെത്തിയത്. ഷെല്ലിൽ സ്‌ഫോടക വസ്തു ഇല്ലെന്ന് പഞ്ചാബ് പോലീസ് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ മൻദീപ് സിങ് സിദ്ദു പറഞ്ഞു. ഷെല്ലുകൾ വലിച്ചെറിഞ്ഞയാളെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ കൂമ്പാരത്തിൽ കിടന്ന ലോഞ്ചറുകൾ വഴിയാത്രക്കാരാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ആക്രി കച്ചവടക്കാരനാണ് ഷെല്ലുകൾ വലിച്ചെറിഞ്ഞതെന്നാണ് നിഗമനമെന്ന് സീനിയർ പോലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ ആർമി അധികൃതരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക വിദഗ്ധർ ഷെല്ലുകളുടെ കാലപ്പഴക്കം വിലയിരുത്തുകയും അവ എങ്ങനെ സ്ഥലത്ത് എത്തിയെന്ന് നിർണയിക്കുകയും ചെയ്യും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ടെന്നും നാനക് സിങ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*