ലൈംഗികാതിക്രമക്കേസ് ; പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ബെംഗളൂരു: ബലാത്സംഗ കേസിൽ അറസ്റ്റിലായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് പുലർച്ചെയാണ് ജർമനിയിൽ നിന്നെത്തിയ ജെഡി നേതാവിനെ കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലൂടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ ഉൾപ്പെടെ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഉച്ചയ്ക്ക് ശേഷമാകും പ്രജ്വലിനെ കോടതിയിൽ ഹാജരാക്കുക.

നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇരകളെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നുമാണ് പ്രജ്വൽ രേവണ്ണക്കെതിരായ കേസ്. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെ ഏപ്രിൽ 27ന് നാടുവിട്ട പ്രജ്വൽ ഇന്ന് പുലർച്ചയാണ് ജർമ്മനിയിൽ നിന്ന് ബംഗളൂരുവിൽ മടങ്ങിയെത്തിയത്. എയർപോർട്ടിൽ വച്ച് തന്നെ അറസ്റ്റിലായ പ്രജ്വലിനെ ബംഗളൂരുവിലെ എസ്ഐടി ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ ഹാജരാക്കും മുൻപ് തന്നെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് സൂക്ഷിച്ച ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ച് ഉൾപ്പെടെ വിവരം ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പീഡന ദൃശ്യങ്ങളിലെ ഇരകളായ ചില സ്ത്രീകളെ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായത്. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഇരകൾ പ്രജ്വലിനെതിരെ രംഗത്ത് വരുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രജ്വലിൻ്റെ ലൈംഗിക ശേഷി പരിശോധനയും അന്വേഷണസംഘം നടത്തും. കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിൻ്റെ അമ്മക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി.

പ്രജ്വലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചവരിലേക്കും അന്വേഷണം നീങ്ങും. അതേസമയം പ്രജ്വൽ നൽകിയ മുൻകൂർ ജാമ്യ ഹർജി ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി ഇന്ന് പരിഗണിച്ചേക്കും. അന്വേഷണവുമായി സഹകരിക്കാനാണ് മടങ്ങി എത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*