ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ പരാതി; നിഷേധിച്ച് ഗവർണർ

കൊൽ‌ക്കത്ത: പശ്ചിമബംഗാൾ‌ ഗവർണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്ക്കാലിക ജീവനക്കാരിയാണ് പോലീസിൽ‌ പരാതി നൽകി. രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവർണറുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം കൈയിൽ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

ഒപ്പം സൂപ്പർവൈസറുണ്ടായിരുന്നെന്നും അവരെ പറഞ്ഞയച്ച ശേഷമാണ് സംഭവമെന്നും ജീവനക്കാരി പറയുന്നു. ഏപ്രില്‍ 24-മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍.

പ്രധാനമന്ത്രി സംസ്ഥാന സന്ദർശനത്തിന് എത്തുന്നതിന് തൊട്ടു മുൻപാണ് ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണമെന്ന് ബിജെപി ആരോപിക്കുന്നു.

തനിക്കെതിരേ മനപൂർവമായ ആരോപണം ഉന്നയിക്കുകയാണെന്നും ഇത്തരം കൃത്രിമമായി സൃഷ്ടിച്ച വ്യാഖ്യാനങ്ങളിൽ വഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു. തന്നെ മോശക്കാരനാക്കി തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവരെ ദൈവം തുണയ്ക്കട്ടെയെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. പക്ഷേ, ഇതിലൂടെ പശ്ചിമ ബംഗാളിലെ അഴിമതിക്കും അക്രമണത്തിനുമെതിരായ തന്‍റെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*