മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ബേക്കറി ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ: ഐഐടി മദ്രാസിലെ ഗവേഷക വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബേക്കറി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ബേക്കറിയില്‍ ജോലി ചെയ്‌തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

കോളജ് ക്യാമ്പസിനടുത്തുള്ള ശ്രീറാം നഗറിലെ പ്രധാന റോഡിലുള്ള ബേക്കറിയില്‍ എത്തിയ വിദ്യാർഥികളില്‍ ഒരാള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടുരിന്ന വിദ്യാര്‍ഥികളെ ബേക്കറിയിൽ ജോലി ചെയ്‌തിരുന്ന ഉത്തർപ്രദേശ് സ്വദേശി ശല്യം ചെയ്‌തു. തുടര്‍ന്നാണ് വിദ്യാര്‍ഥികളില്‍ ഒരാളെ ഇയാള്‍ ലൈംഗികമായി അതിക്രമിച്ചത്.

കോട്ടൂർപുരം പോലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ഥികള്‍ ആദ്യം പരാതി നല്‍കിയത്. ഈ പരാതി അഭിരാമപുരം ഓൾ വനിതാ പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുകയും ഇവിടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ബേക്കറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

പ്രതി ഐഐടിയുമായി ബന്ധമുള്ള ആളല്ലെന്നും പുറത്തുള്ള ബേക്കറിയിലാണ് ജോലി ചെയ്യുന്നത് എന്നും ഐഐടി മദ്രാസ് വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഐഐടിയിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർഥികൾ പുറത്തുപോകുമ്പോൾ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഗവേഷണ വിദ്യാർഥിക്ക് മദ്രാസ് ഐഐടി പൂർണ്ണ പിന്തുണ നൽകുന്നു എന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബർ 23 ന് തമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് രാജ്യമെമ്പാടും വലിയ വാര്‍ത്തയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*