കെഎസ്‌യു-എസ്എഫ്ഐ സംഘർഷം തലസ്ഥാനത്തേക്കും; മാർ ഇവാനിയോസ് കോളജിൽ കെഎസ്‍യു കൊടിമരം തകർത്തതായി പരാതി

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘര്‍ഷം. കെഎസ്‌യു യൂണിറ്റ് ക്യാമ്പസില്‍ സ്ഥാപിച്ച കൊടിമരവും തോരണങ്ങളും എസ്എഫ്ഐ തകര്‍ത്തതായി കെഎസ്‌യു പരാതി നല്‍കി.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കാലിക്കറ്റ് സര്‍വകലാശാലയിലെ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ക്യാമ്പസില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിന് തുടര്‍ച്ചയായാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്.

സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കെഎസ്‌യു ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. അതേസമയം മാർ ഇവാനിയോസ് ക്യാമ്പസിൽ എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികളായ വിദ്യാർഥികൾ പറയുന്നു.

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‌യു തൃശൂർ ജില്ലാ പ്രസി‍ഡൻ്റ് ​ഗോകുൽ ​ഗുരുവായൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കേരള വർമ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. നാടക അവതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

 

Be the first to comment

Leave a Reply

Your email address will not be published.


*