‘സംഘി ചാന്‍സലര്‍ ഗോ ബാക്ക്’, ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് SFI, പ്രതിഷേധം ആസ്വദിക്കുന്നെന്ന് ഗവര്‍ണര്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ആരോഗ്യസര്‍വകലാശാല വി.സിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. സനാതന ധര്‍മ പീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനായാണ് ഗവര്‍ണര്‍ ക്യാമ്പസിലെത്തിയത്.

ഗവര്‍ണറുടെ പരിപാടി നടക്കുന്നതിന് തൊട്ടരികിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ക്യാമ്പസുകളെ സംഘപരിവാറിന്റെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചാന്‍സിലറായ ഗവര്‍ണര്‍ അത്തരം പരിപാടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധവുമായി തങ്ങള്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.

‘സംഘി ചാന്‍സലര്‍ ഗോ ബാക്ക് ‘ എന്ന് എഴുതിയിട്ടുള്ള ബാനറുകളുമായാണ് പ്രതിഷേധം. ‘ വി നീഡ് ചാന്‍സലര്‍, നോട്ട് സവര്‍ക്കര്‍’ എന്ന ബോര്‍ഡും വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ബാരിക്കേഡുകള്‍ വച്ചുകൊണ്ട് പൊലീസ് തടഞ്ഞു. എസ്എഫ്‌ഐയുടെ കേന്ദ്ര കമ്മറ്റി അംഗം ഇ അഫ്‌സലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

എസ്എഫ്‌ഐ പ്രതിഷേധം നടത്തിക്കോട്ടെ, അത് താന്‍ ആസ്വദിക്കുന്നുവെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ബാനറുകള്‍ കെട്ടിക്കോട്ടെ,പക്ഷെ അക്രമം അംഗീകരിക്കാന്‍ കഴിയില്ല. അക്രമം കാണിച്ചപ്പോഴാണ് നേരത്തെയെല്ലാം പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റികള്‍ പഠനത്തിനായുള്ളതാണ് – ഗവര്‍ണര്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*