എസ്എഫ്‌ഐയില്‍ അഴിച്ചുപണി; ആര്‍ഷോ സെക്രട്ടറി സ്ഥാനം ഒഴിയും?

എസ്എഫ്‌ഐയില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറിയേക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആകും. കെ.അനുശ്രീക്ക് പകരം എം ശിവപ്രസാദ് സംസ്ഥാന പ്രസിഡണ്ട് ആകാനും സാധ്യത. 

തിരുവനന്തപുരത്ത് പുരോഗമിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം നിലവിലെ ഭാരവാഹികളെ മാറ്റിയേക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറും. പി എസ് സഞ്ജീവ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആകാനാണ് സാധ്യത. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. നിലവിലെപ്രസിഡന്റ് കെ.അനുശ്രീയും മാറാന്‍ സാധ്യതയുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് പുതിയ പ്രസിഡന്റായേക്കും.സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ ഇന്ന് തീരുമാനിക്കും.

നിലവിലെ ഭാരവാഹികളെ മാറ്റില്ല എന്നാണ് കരുതിയത് എങ്കിലും നേതൃത്വം മാറണമെന്ന് സിപിഐഎം തീരുമാനിക്കുകയായിരുന്നു. പി എം ആര്‍ഷോയും അനുശ്രീയും ഭാരവാഹികളായിരുന്ന കാലം നിരവധി വിവാദങ്ങളിലൂടെയാണ് എസ്എഫ്‌ഐ കടന്നുപോയത്. ആര്‍ഷോക്കെതിരെ വ്യക്തിപരമായും ആരോപണങ്ങള്‍ ഉയര്‍ന്നത് തിരിച്ചടിയായി. റാഗിങ് അടക്കം, ഉയര്‍ന്ന വിവാദങ്ങളെ നേരിടുന്നതില്‍ എസ്എഫ്‌ഐനേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി സിപിഐഎം നേരത്തെ വിലയിരുത്തിയിരുന്നു. ഭാരവാഹികളുടെ പ്രായപരിധി 27 വയസ്സ് എന്ന നിലയിലും നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് പുതിയ നേതൃത്വത്തെ പരീക്ഷിക്കാനുള്ള നീക്കം. ഇന്ന് പൊതു ചര്‍ച്ചയ്ക്കുള്ള മറുപടിക്കുശേഷം പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*