ടെസ്റ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഷാക്കിബ് അല്‍ ഹസന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിര്‍പൂരില്‍ നടക്കാനിരിക്കുന്ന മത്സരമായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് അറിയിച്ചു. 2024 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിച്ചുവെന്നും ഷാക്കിബ് പ്രഖ്യാപിച്ചു.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് 37കാരനായ ഷാക്കിബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ‘മിര്‍പൂരില്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കണമെന്ന ആഗ്രഹം ഞാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് മിര്‍പൂരില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റ് മത്സരത്തോടെ ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കും. എന്റെ അവസാനത്തെ ടി20 മത്സരവും ഞാന്‍ കളിച്ചുകഴിഞ്ഞു’, ഷാക്കിബ് പറഞ്ഞു.

2007ല്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു ഷാക്കിബിന്റെ ടെസ്റ്റ് അരങ്ങേറ്റം. ബംഗ്ലാദേശിന് വേണ്ടി 70 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഷാക്കിബ് മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. 70 മത്സരങ്ങളില്‍ നിന്ന് ഒരു ഡബിള്‍ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 4600 റണ്‍സാണ് ഷാക്കിബ് അടിച്ചുകൂട്ടിയിട്ടുള്ളത്. ടെസ്റ്റില്‍ 242 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*