തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകും, അധ്യക്ഷനാകാനോ മത്സരിക്കാനോ ഇല്ല’; സ്വരം കടുപ്പിച്ച് മുരളീധരന്‍

തൃശൂര്‍: പൊതു പ്രവര്‍ത്തനത്തില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കുന്നുവെന്നാവര്‍ത്തിച്ച് കെ മുരളീധരന്‍. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമായി ഉണ്ടാവും. അത് പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണ്. അതുവരെ തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലരുതെന്നും അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

അപ്രതീക്ഷിത തോല്‍വിയുണ്ടാകുമ്പോള്‍ പ്രവര്‍ത്തകരില്‍ പല വികാരം ഉണ്ടാവും. ഇതിനെ ആ രീതിയില്‍ മാത്രം കണ്ടാല്‍ മതി. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ല. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളലുണ്ടായി. കേന്ദ്രമന്ത്രി വന്നാല്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് യുവാക്കള്‍ കരുതി. പാരമ്പര്യമായ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ചിലര്‍ മാത്രം വിചാരിച്ചാല്‍ വോട്ട് മറിയില്ല. തോല്‍വിയില്‍ ഒരാള്‍ക്കെതിരെയും പരാതി പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല. അന്വേഷണ കമ്മീഷന്‍ വേണ്ട. അത് സംഘടനയ്ക്ക് പ്രതികൂലമാവും. അന്വേഷണ കമ്മീഷന്‍ വന്നിട്ട് ഒരു കാര്യവും ഇല്ല. പല അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടുകളും കണ്ടയാളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.

ശരിതെറ്റ് പറഞ്ഞ് സംഘടന തളരരുത്. തിരഞ്ഞെടുപ്പില്‍ ആരൊക്കെ കള്ളകളി നടത്തിയെന്ന് ജനങ്ങള്‍ക്ക് അറിയാം. അവര്‍ ഭാവിയില്‍ പ്രതികരിക്കും. തെറ്റുകാരന്‍ ഞാന്‍ തന്നെയാണ്. വയനാട്ടില്‍ മത്സരിക്കാനില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡ് ഇല്ല. ആലോചിച്ചു തീരുമാനം എടുക്കണം എന്നാണ് ഈ തിരഞ്ഞെടുപ്പില്‍ പഠിച്ച പാഠം. പലരും പലതും പറയും. വടകരയില്‍ നിന്നും മാറേണ്ടിയിരുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന്‍ മാറി നില്‍ക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കേണ്‍ഗ്രസില്‍ നിരവധി നേതാക്കള്‍ ഉണ്ടല്ലോ. ഇത്രയും മികച്ച വിജയം നേടി നില്‍ക്കുമ്പോള്‍ സുധാകരനെ മാറ്റണമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തന്നെ തുടരണം. തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് ഒരു കാരണവശാലും പോകില്ല. പോയാല്‍ തന്റെ ആരോഗ്യത്തിന് എന്തോ പ്രശ്‌നമുണ്ടെന്ന് വിചാരിച്ചാല്‍ മതി. ബിജെപിയില്‍ പോകുന്നതിലും ഭേദം വീട്ടില്‍ ഇരിക്കുന്നതാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നത് ജീവിതത്തില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*