സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് കൂടിയായ ഡോ വി വേണുവിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായാണ് ശാരദാ മുരളീധരൻ ചുമതല ഏറ്റെടുത്തത്.
ഭർത്താവിൽ നിന്ന് ഭാര്യ ചുമതലയേൽക്കുന്നു എന്ന അപൂർവതയ്ക്ക് കൂടിയാണ് സംസ്ഥാനം സാക്ഷിയാകുന്നത്. ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു വിരമിച്ചതിന് പിന്നാലെയാണ് ജീവിതപങ്കാളി കൂടിയായ ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദത്തിലെത്തുന്നത്. സംസ്ഥാനത്തിൻറെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായാണ് ശാരദ മുരളീധരൻ ചുമതലയേൽക്കുന്നത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ചീഫ് സെക്രട്ടറിയായ ഭർത്താവ് വിരമിക്കുമ്പോൾ ഭാര്യ പദവി ഏറ്റെടുക്കുന്നത്. 1990 ബാച്ചിലെ IAS ഉദ്യോഗസ്ഥരാണ് വി വേണുവും ഭാര്യ ശാരദ മുരളീധരനും. ശാരദയ്ക്ക് 2025 ഏപ്രിൽ വരെ കാലാവധിയുണ്ട്. ഇന്ന് വൈകിട്ട് 4.30ഓടെയാണ് ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്.
വയനാട് ദുരന്തം, പുനരധിവാസം,മാലിന്യ മുക്ത കേരളം തുടങ്ങിയവ വെല്ലുവിളിയായി നിലിനിൽക്കുന്നുണ്ടെന്നും അത് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ശാരദ മുരളീധരൻ പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന രീതിയിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടരുമെന്നും ശാരദ മുരളീധരൻ വ്യക്തമാക്കി.
Be the first to comment