
കൊച്ചി: നഗരത്തിൽ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോ ഉടൻ ഓടിത്തുടങ്ങും. ഫീഡർ സർവീസിന്‍റെ ഭാഗമായി ഷെയർ ഓട്ടോ നിരത്തിലിറക്കുന്നത് സംബന്ധിച്ച് കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് പഠനം തുടങ്ങി. യാത്രക്കാർ കൂടുതൽ ഉള്ള സമയം, ഓട്ടോകൾക്കുള്ള ഡിമാൻഡ് തുടങ്ങിയവ പഠന വിധേയമാക്കും.
ഷെയർ ഓട്ടോ സംവിധാനം കേരളത്തിന് അപരിചിതമാണെങ്കിലും ഡൽഹി, മുംബൈ, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിൽ ഏറെ പ്രചാരമുള്ളതാണ്. ലാഭകരവും സുഗമവുമായ യാത്രാ സംവിധാനമാണിത്. 2022 ൽ മോട്ടോർ വാഹന വകുപ്പ് ഷെയർ ഓട്ടോ സർവീസിന് പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ ശക്തമായ എതിർപ്പ് ഉന്നയിച്ചതിനാലാണ് പദ്ധതി നടപ്പാകാതെ പോയത്.
ഇ – ഓട്ടോകളാണ് പ്രധാനമായും ഇതിനായി ഉപയോഗപ്പെടുത്തുക. ഒരു ഓട്ടോയിൽ മൂന്ന് യാത്രക്കാരെ കയറ്റാനാണ് അനുമതി. രണ്ട് കിലോമീറ്റർ ദൂരത്തേക്ക് കുറഞ്ഞത് പത്ത് രൂപ നിരക്കിലാകും ഓട്ടോറിക്ഷ ഓടുക. മെട്രൊ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം. മെട്രൊ യാത്ര ആയാസരഹിതവും ചെലവ് കുറഞ്ഞതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഷെയർ ഓട്ടോ സംവിധാനം പരിഗണിക്കുന്നത്. മെട്രൊ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് മതിയായ യാത്രാ സൗകര്യം ഇല്ലെന്നതിനാലാണ് ഇത്തരം സംവിധാനത്തെ കുറിച്ച് ഗൗരവമായി പരിഗണിക്കുന്നത്.
Be the first to comment