ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 96,605 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്.

കഴിഞ്ഞയാഴ്ചയും സെന്‍സെക്‌സ് മുന്നേറി. 524 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി തിരിച്ചുവരവിന്റെ പാതയിലാണ് ഓഹരി വിപണി. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിനും ഐസിഐസിഐ ബാങ്കിനും പുറമേ ടിസിഎസും എസ്ബിഐയുമാണ് വിപണി മൂല്യത്തില്‍ നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിന് മാത്രം 37,025 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 13,37,919 കോടിയായി താഴ്ന്നു. ഐസിഐസിഐ ബാങ്ക് 29,324 കോടി, ടിസിഎസ് 24,856 കോടി, എസ്ബിഐ 5,399 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.

അതേസമയം റിലയന്‍സ് അടക്കമുള്ള ആറു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. റിലയന്‍സിന് മാത്രം 41,138 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 16,93,373 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറും എല്‍ഐസിയുമാണ് തൊട്ടുപിന്നില്‍. യഥാക്രമം 15,331 കോടിയും 13,282 കോടിയുമാണ് ഈ രണ്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

 

Be the first to comment

Leave a Reply

Your email address will not be published.


*