ന്യൂഡല്‍ഹി: ഇന്നലെ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 85.75 എന്ന നിലയിലാണ് രൂപ. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ഇന്ത്യയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.
ഇന്നലെ 11 പൈസയുടെ നേട്ടത്തോടെ 85.68 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്നലെ വ്യാപാരത്തിനിടെ 85.84 എന്ന എക്കാലത്തേയും ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് രൂപ തിരിച്ചുകയറുകയായിരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിന് മുകളിലാണ്. ഇതും ഓഹരി വിപണിയിലെ ചലനങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം ഇന്നലെ എച്ച്എംപിവി ആശങ്കയില്‍ കൂപ്പുകുത്തിയ ഓഹരി വിപണി ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. സെന്‍സെക്‌സ് 400 ഓളം പോയിന്റ് ആണ് മുന്നേറിയത്. ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇന്നലെ വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ 2575 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇന്നലെ സെന്‍സെക്‌സ് 1200ലധികം പോയിന്റാണ് താഴ്ന്നത്.
Be the first to comment