
ഏറെ ചര്‍ച്ചയായ ലേഖനം താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എഴുതിയതെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍ എം പി. രാഹുല്‍ ഗാന്ധിയുമായി നടന്ന ഇന്നത്തെ കൂടിക്കാഴ്ചയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് മാധ്യമങ്ങളോട് പറയാനാകില്ലെന്നും വളരെ പോസിറ്റീവായ ഒരു ചര്‍ച്ച തന്നെയാണ് നടന്നതെന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഐക്യം വന്നു എന്നതും കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ വിഷയം ചര്‍ച്ചയായതിലും ലേഖനം കൊണ്ടുള്ള പ്രയോജനമായി കണക്കാക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്ക് ഇവിടെ മതിയായ തൊഴില്‍ ലഭിക്കുന്നില്ല എന്ന വിഷയം കഴിഞ്ഞ 16 വര്‍ഷക്കാലമായി താന്‍ ചൂണ്ടിക്കാട്ടുന്നതാണെന്ന് തരൂര്‍ പറയുന്നു. പെട്ടെന്ന് അത് പരിഹരിക്കപ്പെട്ടതിന്റെ സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ട് കണ്ടപ്പോള്‍ താന്‍ അതിനെ അംഗീകരിച്ചു. താന്‍ കണക്കുകളെടുത്ത സ്‌ത്രോതസുകളെക്കുറിച്ച് ചിലപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തര്‍ക്കമുണ്ടായിരിക്കാം. ഇതിനെ ഖണ്ഡിക്കുന്ന മറ്റ് കണക്കുകള്‍ ആര് കാണിച്ചുതന്നാലും അത് പരിഗണിക്കാനും ഒരുക്കമാണെന്നും തനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെറുതെ കക്ഷിരാഷ്ട്രീയം കളിക്കുന്നതല്ല ജനങ്ങള്‍ക്ക് ആവശ്യമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. അവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് ജനങ്ങളുടെ ആവശ്യം. തങ്ങളുടെ പരിപാടിക്ക് ഡിവൈഎഫ്‌ഐ ക്ഷണിച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഈ സംഭവം വാര്‍ത്തയാക്കേണ്ട ആവശ്യമില്ലെന്നും മറ്റ് പരിപാടിയില്ലായിരുന്നെങ്കില്‍ ഡിവൈഎഫ്‌ഐയുടെ ക്ഷണം സ്വീകരിക്കുമോ എന്ന ഭാവനയുടെ അടിസ്ഥാനത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട കാര്യം തനിക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
Be the first to comment