
ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. രാഹുൽഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. ലേഖന വിവാദം ശശി തരൂർ വിശദീകരിക്കും. സി.പി.ഐ.എം- മോദി അനുകൂല പ്രസ്താവനകളിലൂടെ പാർട്ടിയെ വെട്ടിലാക്കിയ ശശി തരൂരിനെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ലേഖന വിവാദവും തുടർന്നുണ്ടായ സംഭവങ്ങളിലും ഇനിയെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം.
കോൺഗ്രസ് നേതൃത്വത്തിന് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു വ്യവസായ വകുപ്പിനെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖനം. സി.പി.ഐ.എമ്മിനെ നരഭോജിയായി വിശേഷിപ്പിക്കുന്ന കെ.പി.സി.സി തയ്യാറാക്കിയ പോസ്റ്റർ ഷെയർ ചെയ്ത ശേഷം തരൂർ പിൻവലിച്ചത് നേതൃത്വത്തിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ലേഖന വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതിനുശേഷം ആയിരുന്നു ശശി തരൂരിന്റെ അപ്രതീക്ഷിത നീക്കം. ഇതോടെ തരൂർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് എന്ന വിലയിരുത്തലിലേക്ക് പ്രധാനപ്പെട്ട നേതാക്കൾ മാറിയത്.
പ്രവർത്തകരുടെ വികാരത്തെ പോലും മാനിക്കാത്ത രീതി തരൂർ സ്വീകരിച്ചുവെന്ന പരാതി ഒരു വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ വെക്കാനും നീക്കമുണ്ടായിരുന്നു. ഇതിനിടെയാണ് ദേശീയ നേതൃത്വം തന്നെ പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കുന്നത്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ശശി തരൂർ നിലപാടിൽ മാറ്റം വരുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.
Be the first to comment