തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

കോഴിക്കോട് തൂണേരിയിലെ ഡിവൈഫ്ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുല്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണ കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഇസ്മായില്‍ വിദേശത്താണ്. മൂന്നാം പ്രതിയായിരുന്ന അസ്ലം കൊല്ലപ്പെട്ടു.

പ്രതികള്‍ കുറ്റക്കാരല്ലെന്ന വിചാരണ കോടതിയുടെ വിധി ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. വിചാരണക്കോടതി വിട്ടയച്ചതിനെ തുടർന്ന് പ്രതികള്‍ ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രതികളായ ആറ് പേര്‍ ദുബായിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ദിവസം നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീലിൽ, കുറ്റക്കാരെന്നു ഹൈക്കോടതി വിധിച്ചതിനെ തുടർന്ന് ഇവർ‌ കോടതിയില്‍ ഹാജരാകാന്‍ നാട്ടിലേക്കു വരുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്.

2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. ബൈക്കിൽ വരികയായിരുന്ന ഷിബിനെയും സുഹൃത്തിനെയും വെള്ളൂർ സ്‌കൂളിന്‌ സമീപം തടഞ്ഞുനിർത്തിയാണ്‌ സംഘം അക്രമിച്ചത്‌. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിന്റെ അച്ഛനും സർക്കാരും നൽകിയ അപ്പീലിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകരായ എട്ട് പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ഇതിൽ ആറ് പ്രതികളാണ് ഇന്നലെ രാത്രി വിദേശത്ത് നിന്നെത്തിയത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*