
ഏറ്റുമാനൂർ:പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങുന്ന വാട്സാപ് ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് നോബി ലൂക്കോസുമായി പിണങ്ങിയ ഷൈനി മക്കളായ അലീന, ഇവാന എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ, പ്രശ്നങ്ങൾ നീണ്ടുപോകുന്നതല്ലാതെ വിവാഹ മോചനത്തിന് നോബി തയാറാകാത്തതിനാൽ ഷൈനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് വെളിവാക്കുന്നതാണ് ശബ്ദ സന്ദേശം. എന്നാൽ ഭർത്താവിന്റെ വീട്ടിൽ മകൾ നേരിട്ടത്ത് ക്രൂര പീഡനമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഷൈനിയുടെ പിതാവ്.
എൻ്റെ മൂത്തമോളും കൊച്ചുമക്കളുമാണ് പോയത്, അവൻ രാവിലെ മുതൽ ക്രൂരമായി മർദിച്ചു, അവരുടെ വീട്ടിലെ എല്ലാവരും അത് നോക്കി നിന്നു, സഹിക്കാവുന്നതിലും അപ്പുറം അവൾ സഹിച്ചു, ആരോടും ഒന്നും പറയത്തില്ലായിരുന്നു, എന്നും പ്രശ്നമായിരുന്നു അവൻ. പാതിരാത്രി വഴിയിൽ നിന്നാണ് ഞാൻ എന്റെ കൊച്ചിനെ കൂട്ടികൊണ്ട് വന്നത്, എൻ്റെ മോളെ അടിച്ചിറക്കി, ചവിട്ടി തൊഴിച്ചു’ കണ്ണീരോടെ ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറയുന്നു.
ഇതിനിടെ ഇന്നലെ വൈകുന്നേരം ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത നോബിയെ ഏറെ നേരം ചോദ്യംചെയ്യലിന് വിധേയനാക്കി. ഷൈനി മരിക്കുന്നതിന് മുൻപ് നോബി ഒരു വാട്സാപ് സന്ദേശം അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന വിവരം ലഭ്യമായിട്ടില്ല. ഇന്ന് ഉച്ചവരെ ചോദ്യം ചെയ്ത ശേഷം നോബിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
Be the first to comment